നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കേരളത്തിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക അല്പസമയത്തിനകം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ട, തീരുമാനം നേതൃത്വം എംപിമാരെ അറിയിച്ചുവെന്നും സൂചന. എംപിമാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനം വന്നിട്ടും അയയാതെ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ നിർദേശമുണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഉറപ്പു ലഭിക്കാതെ കൂടിക്കാഴ്ച നടത്തില്ലെന്ന തീരുമാനത്തിലായിരുന്നു സുധാകരൻ. നേതൃത്വം വീണ്ടും നിർദേശിച്ചതോടെയാണ് സുധാകരൻ ഡൽഹിയിലെത്തിയിരിക്കുന്നത്. നേതാക്കളുമായുള്ള യോഗം അവസാനിച്ച ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർത്ഥി പട്ടിക ഇന്നുതന്നെ ഉണ്ടാകുമെന്ന് പറഞ്ഞത്.
പട്ടിക വൈകുന്നതിൽ അല്ല, എടുക്കുന്ന തീരുമാനമാണ് നോക്കേണ്ടത് എന്നും ചില സീറ്റുകളുടെ കാര്യത്തിൽ കാത്തിരിപ്പ് വേണ്ടിവരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ എല്ലാത്തിനും ഉത്തരമുണ്ടാകും എന്നും കെ സി വേണുഗോപാൽ പറഞ്ഞു.അതേസമയം, ഉടൻ പ്രഖ്യാപിക്കാൻ പോകുന്ന ആദ്യ ഘട്ട പട്ടിക പുതുമയുള്ളതായിരിക്കും എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എംപിമാർ മത്സരിക്കുമോ എന്ന ചോദ്യത്തിന് പട്ടിക വരുമ്പോൾ അറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 50ലധികം സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുകയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി.
Congress candidate selection; Leadership says MPs should not contest, candidate list to be announced soon














