ന്യൂഡൽഹി: എൽഡിഎഫിൻ്റെ തുടർഭരണത്തിന് കടിഞ്ഞാണിടാൻ വൻ മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്. സിറ്റിങ് എം.എൽ.എ.മാരുടേതടക്കം അൻപതിലധികം സീറ്റിൽ സ്ഥാനാർഥിപ്പട്ടികയ്ക്ക് കോൺഗ്രസ് രൂപം നൽകി. ഘടകകക്ഷികളുമായും കണ്ണൂരിൽ കെ. സുധാകരനുമായും ധാരണയിലെത്തിയാലുടൻ മറ്റു സീറ്റുകളിലും തീരുമാനമാവും. രണ്ടുദിവസത്തിനുള്ളിൽ ഇക്കാര്യം പരിഹരിക്കുമെന്നും തിങ്കളാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗംചേരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം 48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുമെന്നും നേതാക്കൾ പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വസതിയിൽ വെള്ളിയാഴ്ച രാത്രി ചേർന്ന യോഗത്തിനുശേഷം എ.ഐ.സി.സി.യിൽ അർധരാത്രിയോടെ ചേർന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് അന്തിമധാരണയായത്. മുന്നണിതലത്തിൽ കേരള കോൺഗ്രസുമായി കുട്ടനാട് സീറ്റിന്റെ കാര്യത്തിലാണ് പ്രധാനമായും പ്രശ്‌നമുള്ളതെന്നും ഇത് ഒരുവട്ടംകൂടി സംസാരിച്ചാൽ തീരുന്ന പ്രശ്നം മാത്രമാണെന്നും നേതാക്കൾ പറഞ്ഞു.
അതേസമയം, അമ്പലപ്പുഴയിൽ മുൻ സി.പി.എം. നേതാവ് ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായില്ല. പാർട്ടിക്കെതിരെ ഒന്നും പറയില്ലെന്നും പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാവുന്നതിൽ സന്തോഷമേയുള്ളൂവെന്നും അടക്കമുള്ള സുധാകരൻ്റെ മറുപടിയിൽ കോൺഗ്രസിനുള്ളിൽ വലിയൊരുവിഭാഗത്തിന് അതൃപ്തിയുണ്ട്. കൂടാതെ നാട്ടികയിൽ സിറ്റിങ് എം.എൽ.എ.യുമായ സി.സി. മുകുന്ദന് പിന്തുണ നൽകുന്ന കാര്യത്തിലും കോൺഗ്രസ് ആലോചനയിലാണ്.
Congress forms candidate list in more than 50 constituencies, undecided on supporting G. Sudhakaran in Alappuzha











