
സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി.ടി. പ്രവീണിനെ തമിഴ്‌നാട്ടിലെ വിളവങ്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതിലൂടെ കേരളത്തിലും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് കോൺഗ്രസ്. തിരുവനന്തപുരം ജില്ലയിലെ ഒമ്പതോളം നിയമസഭാ സീറ്റുകളിൽ നിർണ്ണായക സ്വാധീനമുള്ള സിഎസ്ഐ സഭയുടെ വോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. നെയ്യാറ്റിൻകര, പാറശാല, കോവളം, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ സഭയ്ക്കുള്ള സ്വാധീനം വോട്ടായി മാറുമെന്ന് പ്രവീൺ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഭയെ പരിഗണിച്ച പാർട്ടിയെ സഭയും കൈവിടില്ലെന്നും കേരളത്തിലെ രാഷ്ട്രീയ നിലപാട് ബിഷപ്പ് നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിളവങ്കോട് മണ്ഡലത്തിൽ 50,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വിജയധാരണിയാണ് എതിരാളി എന്നതിൽ സന്തോഷമുണ്ടെന്നും പ്രവീൺ പ്രതികരിച്ചു. 28 വർഷമായി വിളവങ്കോട് താമസിക്കുന്ന തനിക്ക് മണ്ഡലത്തിലെ ജനവികാരം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ സീറ്റുകളിൽ ‘പ്രവീൺ എഫക്ട്’ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. സഭയുടെ പിന്തുണ ഉറപ്പാക്കുന്നതോടെ തലസ്ഥാന ജില്ലയിൽ യുഡിഎഫിന് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
Congress gain advantage in 9 seats in Thiruvananthapuram by fielding the CSI Dakshina Kerala Maha Parvaka Secretary as a candidate in Tamil Nadu















