കോൺഗ്രസ് വോട്ട് കിട്ടിയില്ലെങ്കിൽ ബിജെപി ഒരിടത്തും ജയിക്കില്ല; കടന്നാക്രമിച്ച് എംവി ഗോവിന്ദൻ, രാഹുലിന്റെ ‘പോറ്റിയെ കേറ്റിയെ’ പാട്ടിനും മറുപടി

കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നതെന്നും വികസനം ചർച്ച ചെയ്യാൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് സഹായമില്ലെങ്കിൽ ബിജെപിക്ക് കേരളത്തിൽ ഒരിടത്തും വിജയിക്കാനാകില്ല. തൃശ്ശൂരിൽ കോൺഗ്രസ് വോട്ട് കുറഞ്ഞതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റത്തൂർ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി പിന്തുണയോടെയാണ് കോൺഗ്രസ് ഭരിക്കുന്നതെന്നും തിരുവനന്തപുരം കോർപ്പറേഷനിൽ ഇരുകൂട്ടരും തമ്മിൽ രഹസ്യ ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പ്രത്യേക ആപ്പ് വഴി പിരിച്ച പണം എവിടെപ്പോയെന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞ ഈ തുക തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കണ്ടില്ല. പുനരധിവാസത്തിനായി ഏറ്റെടുത്ത സ്ഥലത്ത് ഒരു പണിയും നടക്കുന്നില്ലെന്നും ഇതിനായി യാതൊരു അപേക്ഷയും സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പണി കഴിഞ്ഞാൽ കണക്ക് പറയാമെന്ന് പറയുന്ന വി.ഡി. സതീശൻ ഏത് നൂറ്റാണ്ടിലാണ് ഇത് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ശബരമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ ‘പോറ്റിയെ കേറ്റിയെ’ പാട്ടിനും എം.വി. ഗോവിന്ദൻ മറുപടി നൽകി. ശബരിമലയിൽ പോറ്റിയെ കയറ്റിയത് കെ.സി. വേണുഗോപാലും യുഡിഎഫുമാണെന്നും ഇതിന്റെ ഉത്തരം രാഹുലിന്റെ കൈവശം തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെയും സംഘത്തെയും സോണിയാ ഗാന്ധിയുടെ അടുത്തേക്ക് കൊണ്ടുപോയത് അടൂർ പ്രകാശും ആന്റോ ആന്റണിയുമാണ്. ഇവരുമായുള്ള ബന്ധം മറച്ചുവെച്ചാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വർഗ്ഗീയ പ്രീണനമാണ് കോൺഗ്രസ് നടത്തുന്നതെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയെക്കുറിച്ച് ചോദിച്ചിട്ട് രണ്ടാഴ്ചയായിട്ടും സതീശൻ മറുപടി നൽകുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. എസ്‌ഡിപിഐയുമായി സിപിഎമ്മിന് യാതൊരു രാഷ്ട്രീയ കൂട്ടുകെട്ടുമില്ല. വി. ശിവൻകുട്ടി എസ്‌ഡിപിഐ നേതാക്കളുമായി സംസാരിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസിന് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. നേമത്ത് പാർട്ടി അറിഞ്ഞുള്ള ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കെ. സുധാകരൻ ബിജെപി സ്ഥാനാർത്ഥി കൂടിയാണെന്നും അദ്ദേഹം പരിഹസിച്ചു.

Congress helping BJP in Kerala, says M.V. Govindan; questions Wayanad relief funds collected by Congress

More Stories from this section

family-dental
witywide