
കണ്ണൂർ നിയമസഭാ സീറ്റിനായി കെ സുധാകരൻ എംപി നടത്തുന്ന ശക്തമായ സമ്മർദ്ദത്തിന് കോൺഗ്രസ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും വഴങ്ങുന്നതായി സൂചന. തർക്കം നിലനിൽക്കുന്ന കണ്ണൂർ സീറ്റ് നിലവിൽ ഒഴിച്ചിട്ടുകൊണ്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് (സി ഇ സി) മുന്നിൽ കോൺഗ്രസ് നേതൃത്വം രണ്ടാം ഘട്ട സ്ഥാനാർതി പട്ടിക സമർപ്പിച്ചിരിക്കുന്നത്. സി ഇ സി യോഗത്തിന് ശേഷം സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 55 സ്ഥാനാർത്ഥികൾക്ക് പുറമെയുള്ള ഒട്ടുമിക്ക സീറ്റുകളിലെ പ്രഖ്യാപനവും ഇന്ന് രാത്രിയോടെ ഉണ്ടായേക്കും.
പുതിയ പട്ടിക പ്രകാരം സിറ്റിംഗ് എം എൽ എ എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്ന് മാറ്റാനാണ് സാധ്യത. പകരം ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളാണ് പാനലിലുള്ളത്. അടൂർ പ്രകാശിനെ കോന്നിയിൽ പരിഗണിച്ചിട്ടില്ലെന്നും പകരം സതീഷ് കൊച്ചുപറമ്പിലിന്റെ പേര് മാത്രമാണ് പട്ടികയിലുള്ളതെന്നും സൂചനയുണ്ട്. ആലപ്പുഴയിൽ റിഗോ രാജുവിനും പൂഞ്ഞാറിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും നറുക്കുവീണേക്കും. ഇടുക്കിയിൽ ജോയ് വെട്ടിക്കുഴി അല്ലെങ്കിൽ റോയ് കെ. പൗലോസ് എന്നിവരിൽ ഒരാളെ പരിഗണിക്കുമ്പോൾ ചെങ്ങന്നൂരിൽ ബാബു പ്രസാദിനാണ് സാധ്യത.
മറ്റ് പ്രധാന മണ്ഡലങ്ങളായ കായംകുളത്ത് എം. ലിജു അല്ലെങ്കിൽ അരിത ബാബു എന്നിവരുടെ പാനലുണ്ട്. തൃപ്പൂണിത്തുറയിൽ ദീപക് ജോയിയും വടക്കാഞ്ചേരിയിൽ ടി.എം. വൈശാഖും പട്ടാമ്പിയിൽ ടി.പി. ഷാജിയും വൈപ്പിനിൽ ടോണി ചമ്മിണിയും കുന്നംകുളത്ത് പി.ടി. അജയമോഹനും പട്ടികയിൽ ഇടംപിടിച്ചു. കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്, ഏറ്റുമാനൂരിൽ ജോസഫ് വാഴക്കൻ, അരുവിക്കരയിൽ വി.എസ്. ശിവകുമാർ, കഴക്കൂട്ടത്ത് ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരുകളാണ് നിലവിൽ സജീവമായിട്ടുള്ളത്. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് അല്ലെങ്കിൽ ദീപ്തി മേരി വർഗീസ് എന്നിവരിൽ ഒരാളെയാകും നിശ്ചയിക്കുക.
Congress High Command Likely to Yield to Sudhakaran Pressure; Candidate List for Remaining Seats Submitted to CEC












