
തിരുവനന്തപുരം : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രിക്കുണ്ടായ പരിക്കിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വെച്ച് സ്പീക്കർ എ.എൻ. ഷംസീറിനോടൊപ്പം ചിരിച്ചു വർത്തമാനം പറഞ്ഞിരുന്ന മന്ത്രി, മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോഴേക്കും എങ്ങനെയാണ് കഴുത്തിന് ഉളുക്ക് സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
സ്പീക്കർ ഷംസീറിനെ കാണുന്നതുവരെ മന്ത്രിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഷംസീറിനോട് കാര്യങ്ങൾ പറയുന്നു. ഷംസീർ ഉടൻതന്നെ മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുന്നു. പെട്ടെന്ന് കഴുത്തുവേദന വന്ന് മന്ത്രിക്ക് അവശതയുണ്ടാകുന്നു. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. കൂടാതെ, മന്ത്രിയെ ഇന്നലെ രാത്രി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിയാരം മെഡിക്കൽ കോളേജ് എന്ന് പറഞ്ഞാൽ ഇപ്പോൾ ഏതാണ്ട് സി പി എമ്മിൻ്റെ പാർട്ടി ഓഫീസാണ്. ചികിത്സാ പിഴവുകളെക്കുറിച്ച് നിരന്തരം പരാതിവരുന്ന ഒരു മെഡിക്കൽ കോളേജ് കൂടിയാണ്. അവിടെ നിന്നുള്ള റിപ്പോർട്ടുകൾ വിശ്വാസയോഗ്യമല്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഇത് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറും ചേർന്ന് തയ്യാറാക്കിയ ഒരു തിരക്കഥയാണെന്ന് മുരളീധരൻ ആരോപിച്ചു. ആരോഗ്യവകുപ്പിലെ വീഴ്ചകളും മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവുകളും മറച്ചുവെക്കാനാണ് ഇത്തരം ആക്രണ നാടകങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ബുധനാഴ്ച കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിൽ കയറാൻ എത്തിയപ്പോഴാണ് കെ.എസ്.യു പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഈ തള്ളിക്കയറ്റത്തിനിടയിലാണ് മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു
നിഷ്‌പക്ഷമായ പരിശോധനയ്ക്കായി ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്‌ധരായ ഡോക്ടർമാരുടെ സംഘം മന്ത്രിയെ പരിശോധിക്കണമെന്നും കെ മുരളീധരൻ ആവശ്യപെട്ടു.
Congress leader K Muraleedharan has expressed doubts about the injuries sustained by the minister during the KSU protest against Health Minister Veena George.













