എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഒളിയമ്പുമായി കെ മുരളീധരൻ. മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹമാണ്. വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകിയത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന് ചെയ്ത അംഗീകാരമാണ്. നടൻ മമ്മൂട്ടിയ്ക്ക് ലഭിച്ച പത്ഭൂഷൺ ബഹുമതി കലാ രംഗത്ത് അദ്ദേഹം ചെയ്ത സേവനത്തിനുള്ള അംഗീകാരമാണെന്നും അതുപോലെയാണ് ശ്രീമതി വിമലാ മേനോന് നൽകിയ പത്മശ്രീയെന്നും കെ മുരളീധരൻ പറഞ്ഞു.
ഈ മൂന്ന് അംഗീകാരങ്ങളും അഭിമാനമുള്ളതാണ് എന്നാൽ മറ്റ് പുരസ്കാരങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നില്ല. പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. അത് ശരിയായ നടപടി അല്ല ഇതിലൊക്കെ ചില ദുരുദ്ദേശങ്ങൾ ജനങ്ങൾ കാണുന്നുണ്ടന്നും അത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
കൂടാതെ, ശശി തരൂർ – സിപിഐഎം വിഷയത്തിൽ തരൂരിനെപോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ല. ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണ്. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം. മഹാ പഞ്ചായത്തിൽ തരൂരിന്റെ പേര് പരാമർശിക്കാത്തതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട് എന്നകാര്യം സത്യമാണന്നും കെ മുരളീധരൻ പ്രതികരിച്ചു.
സംഭവത്തിൽ രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയ പേരുകളാണ് വായിച്ചത്. അല്ലാതെ അദ്ദേഹം മനഃപൂർവ്വം ശശി തരൂരിന്റെ പേര് ഒഴിവാക്കിയിട്ടില്ലന്നും ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Congress leader K Muraleedharan opposes Vellappally Natesan’s Padma award; welcomes three Padma awards but has no comment on other awards













