സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി: മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

തൃശൂര്‍ മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് വി. എ ഫിറോസ്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപന്‍ ഒത്തുകളിച്ചെന്നും എട്ട് കോടി രൂപ വാങ്ങിയെന്നുമാണ് ആരോപിക്കുന്നത്. സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഫിറോസ് ആരോപണം ഉന്നയിച്ചത്.

പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണ‌നും തമ്മിൽ ഡീലുണ്ടാക്കിയിരിക്കുകയാണ്. മണലൂരിൽ യുഡിഎഫിനെ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ തിരിച്ചു സഹായിക്കുമെന്നാണ് ധാരണ. കുടിക്കുന്ന വെള്ളത്തിൽ വിശ്വാസിക്കാൻ കൊള്ളാത്ത ആളാണ് പ്രതാപൻ. നാട്ടിക, കയ്‌പമംഗലം മണ്ഡലങ്ങൾക്കുവേണ്ടി മാത്രം എട്ട് കോടി രൂപ വാങ്ങിയാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വോട്ട് മറിച്ചത്. ഇതിന്റെ രേഖകൾ കയ്യിലുണ്ട്. പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു.

മണലൂരിൽ ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ഈ ടിഎന്‍ പ്രതാപന്‍ ഓടിയെത്തുന്നു. പൊലീസുമായി കയര്‍ക്കുന്നു. ബിജെപിക്കെതിരെ വലിയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ ഇന്നലെയാണ് അതറിഞ്ഞത്. പക്ഷേ ഞങ്ങള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അതറിഞ്ഞു. അത് ബിജെപിയുടെ പ്രധാനപ്പെട്ട നേതാവുമായി പ്ലാന്‍ ചെയ്തതാണ്. കാരണം, അവിടെ മുസ്ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്.

ഈ മുസ്ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം. പക്ഷേ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ടിഎന്‍ പ്രതാപന്‍ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധമായ കൂട്ടുകെട്ടും സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനകളുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യില്‍ രേഖകളായിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി ടിഎന്‍ പ്രതാപന്‍ നടത്തിയ ഇടപെടല്‍ നിസാരമല്ല. കോടാനുകോടിയുടെ ഇടപാടാണ്. എന്റെ കണ്ണുകൊണ്ട് ഞാന്‍ കണ്ടതാണ്. എട്ട് കോടി രൂപയാണ് നാട്ടികയിലും മണലൂരിലും വിതരണത്തിന് വേണ്ടി സുരേഷ് ഗോപിയുടെ കൈയില്‍ നിന്ന്, ബിജെപിയുടെ കൈയില്‍ നിന്ന് ടി എന്‍ പ്രതാപന്‍ കൈപ്പറ്റിയത് എന്നും ഫിറോസ് കൂട്ടിച്ചേർത്തു.

അതേസമയം, തൃശൂര്‍ വാടാനപ്പള്ളിയില്‍ കിറ്റ് വിവാദത്തില്‍ പൊലീസ് ഇന്ന് കേസെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് മജിസ്‌ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാധനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസെടുക്കുക. സംഭവത്തിൽ വാടാനപ്പള്ളിയിലെ ഗോഡൗണ്‍ ഉടമ പ്രവീണ്‍, കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ സതീഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

Congress leader makes serious allegations against UDF candidate TN Prathapan in Manalur

More Stories from this section

family-dental
witywide