ന്യൂഡല്‍ഹി: ടിവികെ നേതാവും നടനുമായ വിജയ് യുടെ ഏറ്റവും പുതിയ സിനിമ ജനനായകന്റെ റിലീസ് തടഞ്ഞുവെക്കുന്നതില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനനായകന്റെ റിലീസ് തടയുന്നത് തമിഴ് സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെനന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.
ജനനായകന്റെ റിലീസ് തടഞ്ഞു വെക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നടപടി തമിഴ് സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണ്. മിസ്റ്റര്‍ മോദി, തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ജനുവരി ഒമ്പതിനായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച തീയ്യതിയില്‍ നിന്നും റിലീസ് മാറ്റിവെച്ചു. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ഇതുവരെ സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ‘സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മനപ്പൂര്‍വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ഇത് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡ് നടപടികളെ വിമര്‍ശിക്കുകയും പ്രദര്‍ശനാനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍, ഉടനടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സിബിഎഫ്സി സമീപിക്കുകയായിരുന്നു. ഇതില്‍ വാദം കേള്‍ക്കവേയാണ് റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
നിലവില്‍ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ബോര്‍ഡ് നീക്കങ്ങളില്‍ അട്ടിമറി നടന്നെന്നാണ് നിര്‍മ്മാതാവ് വെങ്കട്ട് കെ നാരായണൻ്റെ ആരോപണം.
Congress leader Rahul Gandhi criticised Prime Minister Narendra Modi over the alleged blocking of actor Vijay’s Jananayagan movie release













