വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതൃത്വവും ശശി തരൂർ എം.പിയും തമ്മിലുണ്ടായിരുന്ന ഭിന്നതകൾ പരിഹരിച്ചു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ശശി തരൂർ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. പാർട്ടിക്കുള്ളിൽ താൻ നേരിടുന്ന അവഗണനയും പരാതികളും നേതൃത്വത്തെ നേരിട്ട് ബോധിപ്പിച്ച തരൂർ, താൻ കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി സജീവമായി രംഗത്തിറങ്ങുമെന്നും വ്യക്തമാക്കി.
നേരത്തെ കൊച്ചിയിൽ നടന്ന ‘മഹാപഞ്ചായത്ത്’ പരിപാടിയിൽ രാഹുൽ ഗാന്ധി തന്നെ അവഗണിച്ചുവെന്ന പരാതിയെത്തുടർന്ന് ഡൽഹിയിൽ നടന്ന ഹൈക്കമാൻഡ് യോഗത്തിൽ നിന്ന് തരൂർ വിട്ടുനിന്നിരുന്നു. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും തരൂർ പാർട്ടി വിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ തരൂരിന്റെ പരാതികൾ ഗൗരവത്തോടെ കേട്ട നേതൃത്വം, അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് മാത്രമേ പാർട്ടി മുന്നോട്ട് പോകൂ എന്ന് ഉറപ്പുനൽകി. ഇതോടെയാണ് തർക്കങ്ങൾക്ക് അന്ത്യമായത്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ തരൂരിന് നൽകാനാണ് ഹൈക്കമാൻഡ് തീരുമാനം. കഴിഞ്ഞ തവണ 56 മണ്ഡലങ്ങളിൽ താൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിൽ ഇക്കുറി അതിലേറെ മണ്ഡലങ്ങളിൽ സജീവമാകുമെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ജനുവരി 27-ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെ, തരൂരിന്റെ ഈ മടങ്ങിവരവ് യു.ഡി.എഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.















