വാഷിങ്ടൺ പോസ്റ്റ് ശശി തരൂരിന്റെ മകൻ ഉൾപ്പെടെ 300 പേരെ പിരിച്ചു വിട്ടു

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ദി വാഷിങ്ടൺ പോസ്റ്റ് എന്ന പത്രത്തിൽ നിന്ന് കോൺഗ്രസ് എംപി ശശി തരൂരിന്റെ മകൻ ഇഷാൻ തരൂർ ഉൾപ്പെടെ 300ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. ബുധനാഴ്ചയാണ് കൂട്ടപിരിച്ചുവിടൽ നടന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിന് പുറമേ, പത്രത്തിന്റെ കായിക വിഭാഗം പൂർണമായും അടച്ചുപൂട്ടിയതായും നിരവധി വിദേശ ബ്യൂറോകൾ അടച്ചതായും പുസ്തക അവലോകന വിഭാഗം നിർത്തലാക്കിയതായും റിപ്പോർട്ടുണ്ട്.

വാഷിങ്ടൺ പോസ്റ്റിൽ സീനിയർ ഇന്റർനാഷണൽ അഫയേഴ്സ് കോളമിസ്റ്റായി പ്രവർത്തിച്ചിരുന്ന ഇഷാൻ തരൂർ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ ജോലി നഷ്ടപ്പെട്ട വിവരം സ്ഥിരീകരിച്ചു. ഏകദേശം 800 പത്രപ്രവർത്തകരുണ്ടായിരുന്ന ന്യൂസ് റൂമിൽ നിന്ന് 300ലേറെ പേരെ പിരിച്ചുവിട്ടതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കൂട്ടപിരിച്ചുവിടലിനിടെ നിരവധി വിഭാഗങ്ങൾ അടച്ചുപൂട്ടിയതോടെ പതിറ്റാണ്ടുകളായുള്ള വാഷിങ്ടൺ പോസ്റ്റിന്റെ പത്രപ്രവർത്തന പാരമ്പര്യത്തിന് വലിയ തിരിച്ചടിയായെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇഷാൻ തരൂർ എക്‌സിൽ പങ്കുവച്ച ഒരു പോസ്റ്റിൽ, “Democracy Dies in Darkness” എന്ന വാചകമുള്ള പോസ്റ്റർ ദൃശ്യമാകുന്ന ന്യൂസ് റൂമിന്റെ ചിത്രം ഇഷാൻ പങ്കുവെക്കുകയും, അതിന് “A bad day” എന്ന അടിക്കുറിപ്പ് നൽകുകയും ചെയ്തു. ഈ പോസ്റ്റ് ശശി തരൂരും പങ്കുവെച്ചിരുന്നു. മറ്റൊരു പോസ്റ്റിൽ, ജോലി നഷ്ടപ്പെട്ടതിൽ താൻ ആകെ വേദനയിലാണ് എന്നും ഇഷാൻ പറഞ്ഞു.

കഴിഞ്ഞ 12 വർഷമായി പോസ്റ്റിൽ പ്രവർത്തിച്ച സഹപ്രവർത്തകരെക്കുറിച്ചും അന്താരാഷ്ട്ര റിപ്പോർട്ടർമാരെക്കുറിച്ചും അദ്ദേഹം വികാരഭരിതമായി പരാമർശിച്ചു. 2017 ജനുവരിയിൽ ആരംഭിച്ച ‘വേൾഡ് വ്യൂ’ കോളം ലോകകാര്യങ്ങളും അമേരിക്കയുടെ പങ്കും വായനക്കാർക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതായിരുന്നുവെന്നും, വർഷങ്ങളായി കോളം പിന്തുടർന്ന ലക്ഷക്കണക്കിന് വായനക്കാർക്ക് നന്ദിയുണ്ടെന്നും ഇഷാൻ പറഞ്ഞു.

വാഷിങ്ടൺ പോസ്റ്റിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മറെ, തീരുമാനം വേദനാജനകമാണെങ്കിലും പത്രത്തെ പുതിയ വഴിയിലേക്ക് നയിക്കാൻ ഇത് അനിവാര്യമാണെന്ന് ജീവനക്കാരോട് പറഞ്ഞു. സാങ്കേതിക മാറ്റങ്ങളും വായനാശീലങ്ങളിലെ വ്യത്യാസങ്ങളും പരിഗണിച്ചാണ് നടപടി എന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര, എഡിറ്റിംഗ്, മെട്രോ, കായിക വിഭാഗങ്ങളെയാണ് പിരിച്ചുവിടൽ പ്രധാനമായും ബാധിച്ചതെന്ന് റിപ്പോർട്ടുണ്ട്. 1877ൽ സ്ഥാപിതമായ പത്രം തുടർച്ചയായ സാമ്പത്തിക നഷ്ടത്തെ തുടർന്ന് 2026 വിന്റർ ഒളിംപിക്സ് കവറേജ് പോലും കുറച്ചിരുന്നു. 2013 ലാണ് 250 മില്യൺ ഡോളർ നൽകി ഗ്രഹാം കുടുംബത്തിൽ നിന്ന് ജെഫ് ബെസോസ് വാഷിങ്ടൺ പോസ്റ്റ് ഏറ്റെടുത്തത്.

Congress MP Shashi Tharoor’s son, Ishaan Tharoor, was among one-third of the employees laid off by The Washington Post, owned by Amazon founder Jeff Bezos, on Wednesday.

Also Read

More Stories from this section

family-dental
witywide