സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി സ്ഥാനാർഥി, ടിടി പ്രവീണിലൂടെ തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും കണ്ണ്; കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു, പിന്നാലെ പൊട്ടിത്തെറിയും

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്. സംസ്ഥാനത്തെ 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്. സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയായ ടി ടി പ്രവീണിനെ വിളവങ്കോട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. ഇതിലൂടെ തിരുവനന്തപുരത്തെ നിരവധി സീറ്റുകളിൽ നിർണായകമായ സി എസ് ഐ പിന്തുണ കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ശ്രീപെരുമ്പത്തൂരിൽ കെ സെൽവപെരുന്തഗൈയും കൃഷ്ണഗിരിയിൽ ഡോ. എ ചെല്ലകുമാറും മത്സരിക്കും. മറ്റ് പ്രധാന സ്ഥാനാർത്ഥികളിൽ ദുരൈ ചന്ദ്രശേഖർ (പോന്നേരി), ജെ എം എച്ച് അസ്സാൻ മൗലാന (വേളാച്ചേരി), ഗോപിനാഥ് പളനിയപ്പൻ (ഈറോഡ് ഈസ്റ്റ്), മിസ് വി ശ്രിനിതി നായിഡു (സിംഗനല്ലൂർ), റൂബി മനോഹരൻ (നാങ്കുനേരി) എന്നിവർ ഉൾപ്പെടുന്നു. തർക്കം പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്ന് മേലൂർ സീറ്റിലെ സ്ഥാനാർത്ഥിയെ പാർട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ കടുത്ത ആഭ്യന്തര കലഹം രൂക്ഷമാകുന്നു. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത സാമൂഹ്യനീതി തത്വങ്ങൾ സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് കരൂർ എംപി ജ്യോതിമണി പൊട്ടിത്തെറി പരസ്യമാക്കി രംഗത്തെത്തി. വിജയസാധ്യതയുള്ളതും പരിചയസമ്പന്നരുമായ നിരവധി നേതാക്കളെ തഴഞ്ഞുവെന്നും നിർണ്ണായക സ്വാധീനമുള്ള സമുദായങ്ങളെ പരിഗണിച്ചില്ലെന്നും ജ്യോതിമണി കുറ്റപ്പെടുത്തി. സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിച്ച ശേഷം അതിനനുസരിച്ച് സീറ്റുകൾ വാങ്ങുന്ന രീതിയാണ് ഉണ്ടായതെന്നും പി സി സി പ്രസിഡന്റിനും നിയമസഭാ കക്ഷി നേതാവിനും പാർട്ടിയുടെ ഭാവിയെക്കുറിച്ച് ചിന്തയില്ലെന്നും എം പി തുറന്നടിച്ചു. മെയ് 4 ന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഈ പട്ടിക തള്ളിക്കളയാൻ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അവകാശമുണ്ടെന്നും ജ്യോതിമണി കൂട്ടിച്ചേർത്തു.

സ്ഥാനാർഥികൾ

എ എം മുനിരതിനം (ഷോളിംഗൂർ), ആർ. കുപ്പുസാമി (ഉത്തംഗരൈ), ജി കെ എം തമിഴ് കുമാരൻ (പെണ്ണഗരം), എസ് കെ അർത്തനാരി (അറ്റൂർ), ബി രാമചന്ദ്രൻ (ഉദഗമണ്ഡലം), കെ പി സൂര്യപ്രകാശ് (കാവുണ്ടമ്പാളയം), എം വിചു ലെനിൻ പ്രസാത് (തുറയ്യൂർ), എ എസ് ചന്ദ്രശേഖരൻ (കടലൂർ), ജമാൽ യൂനുസ് മുഹമ്മദ് (മയിലാടുതുറൈ), ടി രാമചന്ദ്രൻ (അറന്താങ്ങി), എസ് മാങ്കുടി (കാരൈക്കുടി), ടി ശരവണ കുമാർ (ഉസിലാമ്പട്ടി), ഗണേശൻ അശോകൻ (ശിവകാശി), രാമ കരുമാണിക്കം (തിരുവാടനൈ), എസ് ഊർവസി അമൃതരാജ് (ശ്രീവൈകുണ്ടം), സംഗൈ ഗണേശൻ (ശങ്കരൻകോവിൽ), വി പി ദുരൈ (അമ്പാസമുദ്രം), ഡോ. തരഗൈ കത്ബർട്ട് (കൊളച്ചൽ), അഡ്വ. എസ് രാജേഷ് കുമാർ (കിള്ളിയൂർ). സമുദായ സന്തുലനം പാലിച്ചില്ലെന്ന ആരോപണം ശക്തമായതോടെ വരും ദിവസങ്ങളിൽ തമിഴ്‌നാട് കോൺഗ്രസിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകാനാണ് സാധ്യത.

Congress names CSI Secretary TT Praveen for TN polls; sparks internal rift over candidate selection

Also Read

More Stories from this section

family-dental
witywide