പാലക്കാട്ട് വോട്ടർമാർക്ക് ബി.ജെ.പി പണം നൽകിയെന്ന് ആരോപണം; ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്, ജില്ലാ കളക്ടറോട് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാർക്ക് ബി.ജെ.പി പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ബി.ജെ.പി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലുള്ള ഒരു വീട്ടിലെ വയോധികയ്ക്ക് ബി.ജെ.പി പ്രവർത്തകർ പണം നൽകിയെന്നാണ് ആരോപണം. പ്രദേശത്തെ ഒരു മരണവീട് സന്ദർശിക്കാനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും സംഘവും തൊട്ടടുത്ത വീട്ടിലെത്തി വയോധികയുമായി സംസാരിക്കുകയും പണം നൽകുകയുമായിരുന്നു എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. പാലക്കാട് നഗരസഭ മുൻ ചെയ‌ർപേഴ്സൺ പ്രമീള ശശിധരൻ ഉൾപ്പെടെയുള്ളവർ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം

പണം നൽകുന്നത് ദൃശ്യങ്ങളിൽ പകർത്തിയ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സ്ഥലത്ത് വാക്കുതർക്കമുണ്ടായി. ദൃശ്യങ്ങൾ പകർത്തിയവരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയതായും ‘അടിച്ചു കരണക്കുറ്റി പൊളിക്കും’ എന്ന് പറഞ്ഞതായും ആരോപണമുണ്ട്.

സംഭവത്തിൻ്റെ വീഡിയോ വ്യാപകമായതോടെ ആരോപണം ബി.ജെ.പി നിഷേധിച്ചു. ആർക്കും പണം നൽകിയിട്ടില്ലെന്നും, വയോധികയ്ക്ക് പണം നൽകുന്നതായി പറയപ്പെടുന്ന ദൃശ്യങ്ങളിൽ സ്ഥാനാർത്ഥി ഇല്ലെന്നുമാണ് ബി.ജെ.പി വൃത്തങ്ങളുടെ വിശദീകരണം. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.

അതേസമയം, സംഭവത്തിൽ അതിവേ​ഗ ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷനെത്തി. പാലക്കാട് ജില്ലാ കളക്ടറോട് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഫ്ലൈയിംഗ് സ്‌ക്വാഡിനെ പ്രദേശത്തേക്ക് വിട്ടതായി ജില്ല കളക്ടർ അറിയിച്ചു. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഈ സംഭവം രാഷ്ട്രീയമായ വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Congress releases footage alleging that BJP gave money to Palakkad voters

More Stories from this section

family-dental
witywide