
കൊച്ചി: വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ യു.ഡി.എഫ് സന്നദ്ധരല്ലെന്നും ഡീൽ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അഗം എം. സ്വരാജ്. ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങൾ ഉയർത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും എന്നാൽ കോൺഗ്രസ് ഇതിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർ.എസ്.എസും കോൺഗ്രസും കൈകോർത്ത് തോൽപ്പിക്കാൻ ശ്രമിച്ചത് ഇ.എം.എസ്സിനെയും എ.കെ.ജിയെയും പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെയാണെന്നും ഈ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും സ്വരാജ് ആരോപിച്ചു.
ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞത് കോൺഗ്രസ് നേതാവാണെന്നും ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് പ്രതിപക്ഷ നേതാവാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന വി.ഡി. സതീശൻ മതനിരപേക്ഷ കേരളത്തോട് മാപ്പ് പറയണം. കോൺഗ്രസ് ദേശീയ നേതൃത്വം കൂടുതൽ വിവേകത്തോടെ പെരുമാറണമെന്നും തെറ്റുകൾ തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1977-ൽ ജനതാ പാർട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചതെന്നും ആർ.എസ്.എസ് സ്വാധീനം മനസ്സിലാക്കിയപ്പോൾ ആ ബന്ധം വിച്ഛേദിച്ചതാണെന്നും ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.
വയനാട് ദുരന്തത്തെ പണപ്പിരിവിനുള്ള അവസരമാക്കി കോൺഗ്രസ് മാറ്റിയെന്നും സ്വരാജ് കുറ്റപ്പെടുത്തി. ഏത് അക്കൗണ്ടിൽ എത്ര തുക പിരിച്ചു എന്ന് വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറാകണം. ജോയിന്റ് അക്കൗണ്ട് എന്നത് കളവാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ആർ.എസ്.എസ്സുമായി സമാധാന ചർച്ചകൾ നടത്തിയത് ഔദ്യോഗിക സംവിധാനങ്ങളുടെ ആവശ്യപ്രകാരമാണെന്നും അത് സംഘർഷങ്ങൾ ഒഴിവാക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്നും ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെക്കുറിച്ച് അദ്ദേഹം മറുപടി നൽകി.
Congress-RSS nexus has decades of history; M Swaraj hits back at UDF’s ‘deal’ allegations












