‘രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവിനോടുള്ള മനഃപൂർവമായ അവഹേളനം’, റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിക്ക് മൂന്നാം നിരയിൽ ഇരിപ്പിടം നൽകിയതിൽ വിമർശനവുമായി കോൺഗ്രസ്

ഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്നാം നിരയിൽ ഇരിപ്പിടം നൽകിയതിനെതിരെ കോൺഗ്രസ് രംഗത്ത്. പ്രോട്ടോകോൾ പ്രകാരം മുൻനിരയിൽ ഇരിക്കേണ്ട രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവിനെ മൂന്നാം നിരയിലേക്ക് മാറ്റിയത് മനഃപൂർവമായ അവഹേളനമാണെന്ന് രൺദീപ് സിംഗ് സുർജേവാല കുറ്റപ്പെടുത്തി. 2018 ലും സമാനമായ രീതിയിൽ രാഹുലിനെ പിൻനിരയിലേക്ക് മാറ്റിയത് വിവാദമായിരുന്നു. കേന്ദ്രമന്ത്രിമാർക്കൊപ്പം മുൻനിരയിൽ നൽകേണ്ട സ്ഥാനത്തെച്ചൊല്ലി സർക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്.

അതേസമയം എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളംബരം ചെയ്ത് കർത്തവ്യ പഥിൽ വർണ്ണാഭമായ പരേഡ് നടന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം പ്രമേയമാക്കി നടന്ന പരേഡിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ. ദേശീയ യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യ പഥിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സ്വീകരിച്ചു. സൈനിക കരുത്ത് വിളിച്ചോതിയ വിവിധ സേനാ വിഭാഗങ്ങളുടെ പ്രകടനങ്ങളും വ്യോമസേനയുടെ ആകാശവിസ്മയങ്ങളും പരേഡിന് മാറ്റുകൂട്ടി.

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം പരേഡിൽ അണിനിരന്ന കേരളത്തിന്റെ നിശ്ചലദൃശ്യം ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. ‘ആത്മനിർഭർ കേരളം’ എന്ന പ്രമേയത്തിൽ രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോയും കേരളം കൈവരിച്ച സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുമാണ് പ്ലോട്ടിൽ അവതരിപ്പിച്ചത്. ജെല്ലിക്കെട്ട് പ്രമേയമാക്കിയ തമിഴ്‌നാടിന്റെ നിശ്ചലദൃശ്യവും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഡിജിറ്റൽ ശാക്തീകരണവും ആധുനിക ഗതാഗത സംവിധാനങ്ങളും സമന്വയിപ്പിച്ച കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശിഷ്ടാതിഥികളോട് വിശദീകരിച്ചു. വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാനങ്ങളുടെയും നിശ്ചലദൃശ്യങ്ങളും സാഹസിക അഭ്യാസപ്രകടനങ്ങളും പരേഡിനെ ധന്യമാക്കി.

More Stories from this section

family-dental
witywide