രേവന്ത് റെഡ്ഡിയെയും കോൺഗ്രസിനെയും വിശ്വസിക്കരുത്, തെങ്കാനയിൽ നിന്ന് വീഡിയോയുമായി കെ കവിത, പിണറായി വിജയന് പിന്തുണ

അമരാവതി: കേരളത്തിലെ ജനങ്ങൾ രേവന്ത് റെഡ്ഡിയെയും കോൺഗ്രസിനെയും വിശ്വസിക്കരുതെന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിലവിൽ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ്. എന്നാൽ കോൺഗ്രസ് പാർട്ടി തെലങ്കാനയിലെ ജനങ്ങളെ വഞ്ചിച്ചിട്ടുണ്ടെന്ന് അവർ ഓർമിപ്പിച്ചു.

തെലങ്കാനയിൽ അവർ ആറ് വാഗ്ദാനങ്ങൾ നൽകിയിരുന്നുവെങ്കിലും അതിലെ പകുതി പോലും ശരിയായി നടപ്പാക്കിയിട്ടില്ലെന്ന് കെ. കവിത ചൂണ്ടിക്കാട്ടി. തെലങ്കാനയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ കോൺഗ്രസ് നിങ്ങളെയും വഞ്ചിക്കുമെന്ന് ഉറപ്പാണെന്ന് അവര്‍ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. തെലങ്കാനയിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്ന വാഗ്ദാനം നൽകിയെങ്കിലും അത് പാലിച്ചില്ല. യുവാക്കൾക്ക് ജോലി നൽകുമെന്നും കർഷകർക്ക് ബോണസ് നൽകുമെന്നും പറഞ്ഞ് അവരെയും വഞ്ചിച്ചു. പെൻഷൻ വർദ്ധിപ്പിക്കുമെന്ന വാഗ്ദാനവും നിറവേറ്റിയില്ല.

അഴിമതിയും വഞ്ചനയുമാണ് തെലങ്കാനയിലെ കോൺഗ്രസിന്റെ ചരിത്രമെന്ന് കെ. കവിത ആരോപിച്ചു. അവർ തെലങ്കാനയെ കോൺഗ്രസ് പാർട്ടിയുടെ ഒരു എടിഎം ആയി മാത്രം ഉപയോഗിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പണം തെലങ്കാനയിൽ നിന്നുള്ള അഴിമതി പണമാണെന്നും അവർ ആരോപിച്ചു. കേരളത്തിൽ പിണറായി വിജയൻ (വിജയൻ ജി) വളരെ മികച്ച രീതിയിൽ ഭരണം നടത്തുകയാണെന്ന് കെ. കവിത പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, അവയെല്ലാം വ്യാജമാണെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക, വിജയൻ ജിക്ക് വോട്ട് ചെയ്യുക എന്ന് തെലങ്കാനയുടെ മകളെന്ന നിലയിൽ വിനീതമായി അഭ്യർത്ഥിക്കുന്നുവെന്നും കെ. കവിത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide