
വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു. കോടതി നടപടികൾക്കിടെ ജഡ്ജി തന്നെ പരസ്യമായി അപമാനിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അതിജീവിതയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരെ മോശമായി ചിത്രീകരിക്കുന്നത് വിചാരണക്കോടതി ജഡ്ജിയുടെ പതിവ് രീതിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അഭിഭാഷകയായ ടി.ബി. മിനിക്കെതിരെ കഴിഞ്ഞ ദിവസം വിചാരണക്കോടതി ജഡ്ജി ഉന്നയിച്ച രൂക്ഷമായ പരാമർശങ്ങളാണ് പുതിയ നിയമപോരാട്ടത്തിന് വഴിയൊരുക്കിയത്. വിചാരണാ വേളയിൽ പത്തു ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും, എത്തുന്ന സമയത്താവട്ടെ കോടതിയിലിരുന്ന് ഉറങ്ങുകയാണ് പതിവെന്നുമായിരുന്നു ജഡ്ജിയുടെ വിമർശനം. ജുഡീഷ്യൽ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വ്യക്തിപരമായ അധിക്ഷേപമാണിതെന്ന് ടി.ബി. മിനി ആരോപിക്കുന്നു.
വിചാരണക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും അഭിഭാഷക ഹർജിയിൽ വാദിക്കുന്നു. വിചാരണ നടപടികൾക്കിടയിൽ അഭിഭാഷകർക്കെതിരെ കോടതി നടത്തുന്ന മോശം പരാമർശങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്ന ഈ ഹർജി കേസിന്റെ തുടർനടപടികളിൽ നിർണ്ണായകമാകും.













