
നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിനെതിരെയും നടി തൃഷയ്‌ക്കെതിരെയും നടത്തിയ അധിക്ഷേപ പരാമർശം വലിയ വിവാദമായതോടെ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ മാപ്പ് പറഞ്ഞു. സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് തൃഷ കൂടി രംഗത്തെത്തിയതോടെയാണ് നൈനാർ മാപ്പ് പറഞ്ഞത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിക്കുന്നതിനിടെയാണ് നൈനാർ നാഗേന്ദ്രൻ വിജയ്‌യുടെ വ്യക്തിജീവിതത്തെയും തൃഷയെയും വലിച്ചിഴച്ചത്. “വിജയ് ആദ്യം സ്വന്തം വീട്ടിൽ നിന്നും തൃഷയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങട്ടെ, എന്നിട്ടാകാം രാഷ്ട്രീയം” എന്നായിരുന്നു നാഗേന്ദ്രന്റെ വിവാദ പരാമർശം. ഇത് രാഷ്ട്രീയ രംഗത്തും സിനിമാ മേഖലയിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
സംഭവം വിവാദമായതോടെ ബിജെപി നേതാവിന് ശക്തമായ മറുപടിയുമായാണ് പിന്നീട് തൃഷ രംഗത്തെത്തിയത്. രാഷ്ട്രീയപരമായ ചർച്ചകളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തൃഷ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും തന്റെ കലയിലൂടെയും പ്രകടനങ്ങളിലൂടെയും മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും നടി ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ആദരവില്ലാത്ത പെരുമാറ്റങ്ങൾ എപ്പോഴും ചോദ്യം ചെയ്യപ്പെടണമെന്നും തന്റെ അഭിഭാഷകൻ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ തൃഷ ചൂണ്ടിക്കാട്ടി. ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നൈനാർ നാഗേന്ദ്രന്റെ പ്രസ്താവനയെ അപലപിച്ചു. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തമിഴ് സംസ്‌കാരത്തിന് ചേർന്നതല്ലെന്നും ഒരു സ്ത്രീയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് നീതീകരിക്കാനാവില്ലെന്നും ഡിഎംകെ എംപി കനിമൊഴി ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ബിജെപി നേതാവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെല്ലാം ഒടുവിലാണ് മാപ്പ് പറഞ്ഞ് നൈനാർ രംഗത്തെത്തിയത്. അബദ്ധത്തിൽ നടത്തിയ പരാമർശമാണെന്നും ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.













