അമേരിക്കൻ സർക്കാർ ധനക്ഷാമ പ്രതിസന്ധിയിലേക്കു നീങ്ങുന്നതിനിടെ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) റെയ്ഡുകളെ ചുറ്റിപ്പറ്റിയുള്ള തർക്കം മൂലം ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) അടച്ചുപൂട്ടൽ നടപടികൾ ആരംഭിച്ചു. Department of Homeland Security (DHS) ന് കോൺഗ്രസിൽ നിന്ന് ലഭിച്ചിരുന്ന ഫണ്ടിന്റെ കാലാവധി തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിച്ചതിനെ തുടർന്ന് അടച്ചുപൂട്ടൽ നടപടികൾ ആരംഭിച്ചതായി ട്രംപ് ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ ആറുമാസത്തിനിടെ അമേരിക്കൻ സർക്കാരിന്റെ ചില വകുപ്പുകൾ അടച്ചുപൂട്ടുന്നത് മൂന്നാം തവണയാണ് ഇത്. പുതിയ അടച്ചുപൂട്ടലിന്റെ ഭാഗമായി നിരവധി ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതിരിക്കാൻ സാധ്യതയുണ്ട്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നടപടികൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ആവശ്യങ്ങളിൽ ധാരണയാകാത്ത സാഹചര്യത്തിൽ, കോൺഗ്രസ് അവധിയിലേക്കു പോയതോടെ അടച്ചുപൂട്ടൽ ആഴ്ചകളോളം നീളാനിടയുണ്ട്.
പുതിയ സാഹചര്യത്തിൽ DHS ന്റെ പല പ്രവർത്തനങ്ങളും ബാധിക്കുമെങ്കിലും, U.S. Immigration and Customs Enforcement (ICE), U.S. Customs and Border Protection (CBP), Transportation Security Administration (TSA) എന്നിവയുടെ പ്രവർത്തനം തുടരുമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇമിഗ്രേഷൻ റെയ്ഡുകൾ, പൗരത്വ അപേക്ഷകളുടെ നടപടികൾ, വിമാനത്താവള സുരക്ഷ, സൈബർ സുരക്ഷ, കോസ്റ്റ് ഗാർഡ് പ്രവർത്തനങ്ങൾ എന്നിവ അടച്ചുപൂട്ടലിനിടയിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച മുതൽ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വന്നെങ്കിലും, DHS ജീവനക്കാരോട് അടുത്ത ഷിഫ്റ്റ് മുതൽ ഹാജരായി “ക്രമബദ്ധമായ അടച്ചുപൂട്ടൽ” നടപടികൾ ആരംഭിക്കാനാണ് അധികൃതരുടെ നിർദ്ദേശം. ICE പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വേണമെന്ന വിഷയത്തിൽ വൈറ്റ് ഹൗസും ഡെമോക്രാറ്റുകളും തമ്മിലുള്ള അഭിപ്രായഭിന്നത തുടരുകയാണ്. ICE ഏജന്റുമാർ ബോഡി ക്യാമറ ധരിക്കണം, കോടതിയുടെ വാറണ്ട് നിർബന്ധമാക്കണം, മുഖംമൂടി ഉപയോഗം നിരോധിക്കണം, DHS ഉദ്യോഗസ്ഥരുടെ ദുരുപയോഗത്തിനെതിരെ വ്യക്തികൾക്ക് കേസ് ഫയൽ ചെയ്യാനുള്ള അധികാരം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഡെമോക്രാറ്റുകൾ മുന്നോട്ട് വച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം മിനിയാപ്പൊളിസിൽ നടന്ന അലക്സ് പ്രെട്ടി, റെനീ ഗുഡ് എന്നിവരുടെ വെടിവെപ്പ് മരണങ്ങളെത്തുടർന്ന് ഫെഡറൽ ഏജന്റുമാർക്ക് നിയന്ത്രണം ഏർപ്പെടുത്താതെ DHS ന് അധിക ഫണ്ട് അനുവദിക്കില്ലെന്ന് ഡെമോക്രാറ്റുകൾ വ്യക്തമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസ് ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ യാതൊരു ധാരണയും ഉണ്ടായിട്ടില്ല. ഡെമോക്രാറ്റുകൾ പുതുക്കിയ ആവശ്യപ്പട്ടിക തയ്യാറാക്കി വൈറ്റ് ഹൗസിലേക്ക് സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Controversy over ICE raids; Shutdown proceedings begin in the US














