പാചകവാതക ക്ഷാമം: ഹോട്ടൽ അടച്ചിടേണ്ടി വന്നു, കടബാധ്യതയെത്തുടർന്ന് ഉടമ ജീവനൊടുക്കി

ബംഗളൂരു: പാചകവാതക ക്ഷാമം കാരണം ഹോട്ടൽ പ്രതിസന്ധിയിലായതിനെത്തുടർന്ന് ഉടമ ജീവനൊടുക്കി. ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശി രാമു ഹല്ലൂരി (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഹുക്കേരിയിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള തന്റെ ‘ഹനുമാൻ ഹോട്ടലിനുള്ളിൽ’ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് (LPG) കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു.

ഗ്യാസ് ലഭിക്കാത്തതിനെത്തുടർന്ന് ഹോട്ടൽ പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെ രാമു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഹോട്ടൽ അടച്ചിടേണ്ടി വന്നതോടെ കടയുടെ വാടക നൽകാനോ വായ്പകളും മറ്റ് കടങ്ങളും തിരിച്ചടയ്ക്കാനോ കഴിയാത്ത അവസ്ഥയിലായി.

കടക്കാർ പണത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നതായും ഇത് ഇയാളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ഹോട്ടൽ തുറന്ന രാമു, അവിടെവച്ച് തന്നെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഹുക്കേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു.

കർണാടകയിലുടനീളം നിലനിൽക്കുന്ന പാചകവാതക ക്ഷാമം ചെറുകിട ഹോട്ടൽ ഉടമകളെയും കച്ചവടക്കാരെയും സമാനമായ രീതിയിൽ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതേസമയം, കർണാടകയിലെ ഹോട്ടൽ ഉടമകൾക്ക് ആശ്വാസമായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള വിതരണത്തിൽ 1,000 സിലിണ്ടറുകൾ കൂടി അധികമായി അനുവദിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ അറിയിച്ചു.

ബംഗളൂരുവിൽ ഗ്യാസ് കമ്പനികളുമായും ഹോട്ടൽ അസോസിയേഷൻ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ആകെ വാണിജ്യ സിലിണ്ടറുകളുടെ എണ്ണം 10,000 ആയി ഉയരും. മധ്യേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് പ്രധാന ഇറക്കുമതി പാതയായ ഹോർമുസ് കടലിടുക്കിൽ തടസ്സങ്ങൾ നേരിട്ടതാണ് ഇന്ത്യയിലെ പാചകവാതക വിതരണത്തെ ബാധിച്ചത്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ഇപ്പോൾ വിതരണം ഉയർത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിതരണം സാധാരണ നിലയിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Cooking gas shortage: Hotel had to close, owner commits suicide due to debt

More Stories from this section

family-dental
witywide