പയ്യന്നൂരിലെ സി.പി.എം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം വീണ്ടും സജീവമാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ‘നേതൃത്വത്തെ അണികൾ തിരുത്തണം’ പുറത്തിറങ്ങി. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ പ്രശസ്ത രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്തു. വി.എസ്. അനിൽകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങി. വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ പുസ്തകത്തെ വരവേറ്റത്. ഫണ്ട് തിരിമറി സംബന്ധിച്ച കൃത്യമായ കണക്കുകൾ പുസ്തകത്തിലൂടെ താൻ പുറത്തുവിടുകയാണെന്ന് കുഞ്ഞികൃഷ്ണൻ ചടങ്ങിൽ വ്യക്തമാക്കി.
താൻ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾക്ക് മറുപടി നൽകുന്നതിന് പകരം പാർട്ടി നേതൃത്വം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും അക്രമിക്കാനുമാണ് ശ്രമിക്കുന്നതെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ധനരാജ് ഫണ്ട് വിവാദത്തിൽ പാർട്ടി അവതരിപ്പിച്ച കണക്കുകൾ തെറ്റാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ തന്റെ കൈവശമുണ്ട്. ഈ വിഷയത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയോ മറ്റേതെങ്കിലും നേതാക്കളോ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും, അവർ നിശ്ചയിക്കുന്ന ഏത് സ്ഥലത്തും സമയത്തും സംവാദത്തിന് താൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.
പാർട്ടി നേതൃത്വം തെറ്റായ വഴിയിൽ സഞ്ചരിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കേണ്ടത് അണികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ തിരുത്താൻ പഠിപ്പിച്ചത് പാർട്ടിയാണ്. വിമർശനം ഉന്നയിക്കുന്നവരോട് വിരോധം കാണിക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിക്ക് ചേർന്നതല്ല. ആശയപരമായ ഭിന്നതകളില്ലെന്നും കേരളത്തിൽ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. പാർട്ടി ഘടകങ്ങളെ കൃത്യമായ കണക്ക് ബോധിപ്പിച്ചിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.













