പനാമ കനാലുമായി ബന്ധപ്പെട്ട പ്രധാന തുറമുഖ കരാർ പനാമ സുപ്രീം കോടതി റദ്ദാക്കി. ഹോങ്കോംഗ് ആസ്ഥാനമായ സികെ ഹച്ചിസൺ ഹോൾഡിംഗ്സിന്റെ ഉപകമ്പനിക്ക് നൽകിയിരുന്ന കരാറാണ് കോടതി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ചൈനീസ് ബന്ധമുള്ള കമ്പനിയുടെ കനാൽ മേഖലയിലെ സാന്നിധ്യം അവസാനിക്കും. പനാമ കനാലിന്റെ അറ്റ്ലാന്റിക്, പസഫിക് ഭാഗങ്ങളിലെ തുറമുഖങ്ങൾ പ്രവർത്തിപ്പിക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് നൽകിയിരുന്ന അനുമതിയാണ് കോടതി റദ്ദാക്കിയത്. അഞ്ച് തുറമുഖങ്ങളിൽ രണ്ടെണ്ണം സികെ ഹച്ചിസൺ നടത്താൻ അനുവദിച്ച നിയമങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഈ തീരുമാനം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾക്ക് ശക്തമായ പിന്തുണയാണെന്ന് വിലയിരുത്തപ്പെടുന്നു. കനാലിന് സമീപം ചൈനീസ് സ്വാധീനം വർധിക്കുന്നുവെന്ന ആരോപണം ട്രംപ് നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ കനാൽ നിയന്ത്രിക്കുന്നത് പനാമ കനാൽ അതോറിറ്റിയാണെന്നും, ചൈനയ്ക്ക് നേരിട്ട് പങ്കില്ലെന്നുമായിരുന്നു പനാമയുടെയും ചൈനയുടെയും വിശദീകരണം. ലോകത്തെ കടൽവ്യാപാരത്തിന്റെ ഏകദേശം അഞ്ച് ശതമാനം പനാമ കനാലിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, സമീപ തുറമുഖങ്ങളുടെ നിയന്ത്രണം വലിയ തന്ത്രപ്രധാന വിഷയമായാണ് കാണുന്നത്.
കഴിഞ്ഞ വർഷം സികെ ഹച്ചിസൺ, ബ്ലാക്ക്‌റോക്ക് ഉൾപ്പെടുന്ന അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് പനാമയിലെ തുറമുഖങ്ങൾ വിൽക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ചൈന കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. ഇപ്പോഴത്തെ കോടതി വിധിയോടെ ആ വിൽപ്പന കരാറിന്റെ ഭാവിയും അനിശ്ചിതമായി. നികുതി കുടിശ്ശിക, അക്കൗണ്ടിംഗ് ക്രമക്കേടുകൾ, നിയമപരമായ അനുമതികളുടെ അഭാവം തുടങ്ങിയ കണ്ടെത്തലുകളെ തുടർന്നാണ് കരാർ റദ്ദാക്കുന്നതിലേക്ക് കോടതി എത്തിയത്.
ഇതുമൂലം സർക്കാരിന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായെന്നും പനാമ അധികൃതർ അറിയിച്ചു. പനാമ കനാൽ പൂർണമായും രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ളതാണെന്ന് പ്രസിഡൻറ് ഹോസെ റൗൾ മുള്ളിനോ വീണ്ടും വ്യക്തമാക്കി. തുറമുഖങ്ങളുടെ ഭാവി നടത്തിപ്പ് സംബന്ധിച്ച് പിന്നീട് തീരുമാനമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.
Court annuls Panama Canal port deal; Trump gains, China suffers setback














