തൊണ്ടിമുതൽ കേസ്: ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹർജിയിൽ വാദം പൂർത്തിയായി, ഫെബ്രുവരി 12 ന് വിധി

തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ ഹർജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. കേസിലെ വിധി ഈ മാസം 12-ന് കോടതി പുറപ്പെടുവിക്കും. ജനുവരി മൂന്നിന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.

ശിക്ഷാവിധി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി കൃത്യമാണെന്നും ശിക്ഷ ശരിവെക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. അപ്പീൽ പരിഗണിച്ച സെഷൻസ് കോടതി നേരത്തെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ വാദം കേൾക്കൽ പൂർത്തിയായത്.

തിരുവനന്തപുരം എം.എൽ.എയായ ആന്റണി രാജുവിന് ഈ വിധി ഏറെ നിർണ്ണായകമാണ്. 1990-ലെ ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. സെഷൻസ് കോടതിയുടെ വിധി അനുകൂലമായാൽ മാത്രമേ ആന്റണി രാജുവിന് നിലവിലെ സാഹചര്യത്തിൽ ആശ്വാസം ലഭിക്കുകയുള്ളൂ.

More Stories from this section

family-dental
witywide