രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ കോടതിയിൽ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് ഇഷ്യു ചെയ്ത് കോടതി; കസ്റ്റഡി അപേക്ഷയും ജാമ്യ ഹർജിയും നാളെ പരിഗണിക്കും

ബലാത്സംഗക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ നേരിട്ട് ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചത്. നിലവിൽ മവേലിക്കര സബ് ജയിലിൽ കഴിയുന്ന രാഹുലിനെ നാളെ രാവിലെ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.

പ്രതിയെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ കൂടുതൽ തെളിവെടുപ്പുകൾ ആവശ്യമാണെന്നും രാഹുലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചു. പത്തനംതിട്ട കോടതിയിൽ നിന്നുള്ള കേസ് ഫയലുകൾ ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.

അതേസമയം, രാഹുലിന് ജാമ്യം അനുവദിക്കണമെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ഇല്ലാതെ ജാമ്യാപേക്ഷ എങ്ങനെ പരിഗണിക്കും എന്ന് കോടതി ആരാഞ്ഞു. കസ്റ്റഡി അപേക്ഷയിൽ തീരുമാനമായ ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂ എന്നാണ് സൂചന. നാളെ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിലും ജാമ്യത്തിലും അന്തിമ തീരുമാനമുണ്ടാകും.

More Stories from this section

family-dental
witywide