മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖക്കെതിരെ പോക്സോ കേസ്; ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് നടപടി

മുൻ ഡിജിപി ആർ. ശ്രീലേഖക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കോടതി ഉത്തരവിട്ടു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പോക്സോ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം ജെഎംഎഫ്‌സി-3 കോടതിയുടെ നടപടി. നന്ദൻകോട് സ്വദേശി ജയചന്ദ്രൻ നൽകിയ സ്വകാര്യ അന്യായത്തിന്മേൽ കേസെടുത്ത് അന്വേഷണം നടത്താൻ മ്യൂസിയം പോലീസിന് കോടതി നിർദ്ദേശം നൽകി.

ക്രിമിനൽ കേസുകളിലെ ഇരകളുടെയോ പോക്സോ കേസുകളിൽ ഉൾപ്പെട്ട കുട്ടികളുടെയോ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ശ്രീലേഖ തന്റെ ചാനലിലൂടെ ഇത്തരത്തിൽ പേരും വിവരങ്ങളും വെളിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

നേരത്തെയും സമാനമായ ആരോപണങ്ങൾ ശ്രീലേഖക്കെതിരെ ഉയർന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥയായിരുന്ന ഒരാളിൽ നിന്ന് ഇത്തരത്തിലുള്ള നിയമലംഘനം ഉണ്ടായത് ഗൗരവതരമാണെന്ന് ഹർജിക്കാരൻ വാദിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ഉടൻ തന്നെ ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർനടപടികളിലേക്ക് കടക്കും.

More Stories from this section

family-dental
witywide