ടെക്സസ്: മിനസോട്ടയിൽ കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അഞ്ചുവയസ്സുകാരൻ ലിയാം കൊനേജോ റാമോസിനെയും പിതാവായ അഡ്രിയാൻ കൊനേജോ ആരിയാസിനെയും കുടിയേറ്റ തടങ്കൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ യുഎസ് ഫെഡറൽ കോടതി ഉത്തരവിട്ടു. ടെക്സസിലെ യുഎസ് ജില്ലാ ജഡ്ജി ഫ്രെഡ് ബിയറി, ഡില്ലിയിലെ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന ഇരുവരെയും എത്രയും വേഗം, ഫെബ്രുവരി 3നകം വിട്ടയക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. നിലവിലെ തടങ്കൽ തുടരുന്ന സാഹചര്യത്തിൽ ഇവരെ മാറ്റുകയോ നാടുകടത്തുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
പ്രീസ്കൂളിൽ നിന്ന് വീട്ടിലെത്തിയ ഉടൻ തന്നെ ലിയാമിനെ കുടിയേറ്റ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തതായും അപ്പോൾ പിതാവ് വീടിന്റെ ഡ്രൈവ്‍വേയിലുണ്ടായിരുന്നുവെന്നും സ്കൂൾ അധികൃതർ അറിയിച്ചു. തുടർന്ന് ഇരുവരെയും ടെക്സസിലെ ഫെഡറൽ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇരുവർക്കും അഭയാർത്ഥി അപേക്ഷ പരിഗണനയിൽ ആയിരുന്നുവെങ്കിലും യുഎസിൽ നിന്ന് നാടുകടത്താനുള്ള ഉത്തരവ് ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുണ്ട്.
അറസ്റ്റിനിടെ പിതാവ് കുട്ടിയെ ഉപേക്ഷിച്ചുവെന്ന ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ആരോപണം കുടുംബത്തിന്റെ അഭിഭാഷകരും സ്കൂൾ അധികൃതരും നിഷേധിച്ചു. കുട്ടിയെ പരിചരിക്കാൻ വീട്ടിലുണ്ടായിരുന്ന മറ്റൊരു മുതിർന്നയാൾ തയ്യാറായിരുന്നുവെന്നും എന്നാൽ ഉദ്യോഗസ്ഥർ അത് അനുവദിച്ചില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
മിനിയാപൊളിസിലെ ഐസിഇയുടെ മുതിർന്ന ഉദ്യോഗസ്ഥനായ മാർക്കോസ് ചാൾസ്, വീട്ടിലുള്ളവർ കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായില്ലെന്ന ആരോപണം ഉന്നയിച്ചു. നിയമം നടപ്പാക്കുമെന്നും, എന്നാൽ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിനിടെ, ടെക്സസ് ജില്ലയിൽ നിന്ന് അഞ്ചുവയസുകാരനെയും പിതാവിനെയും മാറ്റുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു.
മോചന ഉത്തരവിൽ, ദിവസേനയുള്ള നാടുകടത്തൽ ലക്ഷ്യങ്ങൾ പാലിക്കാനുള്ള സർക്കാർ നടപടികൾ കുട്ടികളെ മാനസികമായി തകർക്കുന്നുവെന്ന് ജഡ്ജി ബിയറി രൂക്ഷവിമർശനം നടത്തി . ഭാവിയിൽ ഇവർ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വന്നേക്കാമെങ്കിലും, അത് കൂടുതൽ മാനുഷികവും ക്രമബദ്ധവുമായ നടപടികളിലൂടെയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തടങ്കലിലായിരുന്ന സമയത്തെ ലിയാമിൻ്റെ ചിത്രവും കോടതി ഉത്തരവിനൊപ്പം ചേർത്തിരുന്നു.
Court orders release of 5-year-old Liam Conejo Ramos and his father from immigration detention center









