സിബിഐക്കും കേന്ദ്രസർക്കാരിനും തിരിച്ചടി; മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി വിട്ടയച്ചു

സിബിഐ എടുത്ത മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെയും ഡൽഹി സ്പെഷൽ സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇരുവർക്കും എതിരെ ഒരു തെളിവും ഇല്ല എന്ന് റോസ് അവന്യു കോടതി വ്യക്തമാക്കി. “എക്‌സൈസ് നയത്തിൽ ഗൂഢാലോചനയോ ക്രിമിനൽ ഉദ്ദേശ്യമോ ഉണ്ടായിരുന്നില്ല,” കോടതി പറഞ്ഞു. ഈ കേസിൽ അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ ജയിലിൽ കഴിഞ്ഞിരുന്നു.

കേന്ദ്രസർക്കാരിനും സിബിഐക്കും കനത്ത തിരിച്ചടി നൽകുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന 23 പേരെയും കോടതി വെറുതെ വിട്ടു. വിചാരണക്കു പോലും യോഗ്യതയില്ലാത്ത കേസാണ് ഇതെന്നും വലിയ കുറ്റപത്രം മാത്രം സമർപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും കോടതി സിബിഐയെ വിമർശിച്ചു. സിബിഐയിലെ ചില ഉദ്യോഗസ്ഥരെ താക്കീതുചെയ്യുകയും ചെയ്തു.

വിധി കേട്ട് കേജ്രിവാൾ പൊട്ടിക്കരഞ്ഞു. അദ്ദേഹം മോദിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. രാഷ്ട്രീയത്തിൽ ജനങ്ങൾക്കായി ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും അതു ചെയ്തുകൊണ്ടാണ് അധികാരത്തിൽ എത്തേണ്ടത് എന്നും അല്ലാതെ കള്ളക്കേസിൽ എതിരാളികളെ കുടുക്കിയല്ല എന്നും കേജ്രിവാൾ വിധികേട്ട ഉടൻ പറഞ്ഞു.

ഡൽഹി മദ്യനയ കേസിൽ കേജ്രിവാളും സിസോദിയയും ജയിലിൽ ആയതിനെ തുടർന്ന് ആം ആദ്മി പാർട്ടിയുടെ അഴിമതിവിരുദ്ധ നയവും നിലനിലപ്പും ചോദ്യം ചെയ്യപ്പെട്ടിരുന്നു. തുടർന്നു വന്ന ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപി രാജ്യ തലസ്ഥാനം തൂത്തുവാരി അധികാരത്തിൽ എത്തിയിരുന്നു.

2021-22 ൽ ആം ആദ്മി സർക്കാർ ആരംഭിച്ച മദ്യനയവുമായി ബന്ധപ്പെട്ടതാണ് കേസ്, അന്നത്തെ കെജ്‌രിവാൾ സർക്കാർ മുമ്പ് നിലവിലുണ്ടായിരുന്ന മാതൃകയേക്കാൾ വളരെയധികം വരുമാനം കൊണ്ടുവരുമെന്ന് അവകാശപ്പെട്ടിരുന്നു. ഡൽഹി സർക്കാർ പിന്നീട് അത് റദ്ദാക്കി.

Court releases Arvind Kejriwal and Deputy Chief Minister Manish Sisodia in Delhi liquor policy

More Stories from this section

family-dental
witywide