വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം എവിടെ? പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് വർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ പൊലീസിനെതിരെ കോടതിയുടെ കടുത്ത വിമർശനം. കേസിലെ ഒന്നാം പ്രതി ഫർസീൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കവേയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസിനോട് വിശദീകരണം തേടിയത്. ഗൗരവകരമായ ഒരു കേസിൽ ഇത്രയും കാലതാമസം വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

വ്യോമയാന നിയമങ്ങൾ ഉൾപ്പെട്ടതിനാൽ കേന്ദ്ര സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതാണ് കുറ്റപത്രം വൈകാൻ കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഈ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, കേസിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് നാളെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. 2022 ജൂണിലായിരുന്നു കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

More Stories from this section

family-dental
witywide