
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായി. നിലവിലെ എൽ.ഡി.എഫ് സർക്കാരിലെ സി.പി.ഐയുടെ നാല് മന്ത്രിമാരും ഇത്തവണ വീണ്ടും ജനവിധി തേടും. അതേസമയം, തുടർച്ചയായി മൂന്ന് തവണ മത്സരിച്ച ആറ് എം.എൽ.എമാരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പാർട്ടി ഒഴിവാക്കി.
സംസ്ഥാന കൗൺസിൽ തീരുമാനപ്രകാരം നിലവിലെ മന്ത്രിമാരായ കെ. രാജൻ (ഒല്ലൂർ), പി. പ്രസാദ് (ചേർത്തല), ജി.ആർ. അനിൽ (നെടുമങ്ങാട്), ജെ. ചിഞ്ചുറാണി (ചടയമംഗലം) എന്നിവർ അതത് മണ്ഡലങ്ങളിൽ തന്നെ വീണ്ടും മത്സരിക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് മന്ത്രിമാർക്ക് വീണ്ടും അവസരം നൽകാൻ പാർട്ടി തീരുമാനിച്ചത്.
ആറ് എം.എൽ.എമാർക്ക് സീറ്റില്ല
തുടർച്ചയായി മൂന്ന് തവണ നിയമസഭയിലെത്തിയവർ മാറണമെന്ന കർശന നിലപാടിനെത്തുടർന്ന് ആറ് പ്രമുഖ നേതാക്കൾക്ക് ഇത്തവണ സീറ്റ് നിഷേധിച്ചു.
ഇ. ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്)
ഇ.കെ. വിജയൻ (നാദാപുരം)
ചിറ്റയം ഗോപകുമാർ (അടൂർ
ജി.എസ്. ജയലാൽ (ചാത്തന്നൂർ)
പി.എസ്. സുപാൽ (പുനലൂർ)
വി. ശശി (ചിറയിൻകീഴ്) എന്നിവരാണ് പട്ടികയിൽ നിന്നും പുറത്തായവർ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ മണ്ഡലമായ പറവൂരിൽ ഇത്തവണ ശക്തമായ പോരാട്ടത്തിനായി നിലവിലെ കൈപ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്ററെ സി.പി.ഐ നിയോഗിച്ചു.
മറ്റു പ്രധാന സ്ഥാനാർത്ഥികൾ
കാഞ്ഞങ്ങാട്: ഗോവിന്ദൻ പള്ളിക്കാപ്പിൽ
തൃശൂർ: ആലങ്കോട് ലീലാകൃഷ്ണൻ
നാട്ടിക: ഗീത ഗോപി
കൊടുങ്ങല്ലൂർ: വി.ആർ. സുനിൽകുമാർ
രണ്ട് ടേം വ്യവസ്ഥയിൽ ഉറച്ചുനിന്നുകൊണ്ട്, യുവാക്കൾക്കും പുതുമുഖങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകുന്നതാണ് ഇത്തവണത്തെ സി.പി.ഐ പട്ടികയെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രഖ്യാപനം പിന്നീടേയുള്ളൂ വെങ്കിലും ഈ തിരഞ്ഞെടുപ്പിൽ, പ്രമുഖ പാർട്ടികളിൽ ആദ്യമായി മുഴുവൻ സ്‌ഥാനാർഥികളെയും തീരുമാനിച്ചെന്ന ‘ക്രെഡിറ്റും’ സി പിഐയ്ക്കു സ്വന്തം.
CPI candidate list: 4 ministers in the fray; six MLAs will not have seats














