സിപിഐഎം പാർട്ടി വിടുകയും പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്യുന്ന വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഐഎം. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി ഐ മധുസൂദനനെതിരെ വി കുഞ്ഞികൃഷ്ണൻ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി. ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് വരണാധികാരിക്കുമാണ് പരാതി നല്‍കിയത്.
വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് ഓഫീസ് മാറ്റിയതുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് പരാതി നല്‍കിയത്. പയ്യന്നൂര്‍ കോത്തായിമുക്കിലായിരുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കുഞ്ഞികൃഷ്ണന്‍ അനുകൂലികള്‍ തന്നെ നീക്കം ചെയ്തിരുന്നു. താത്കാലിക ഓഫീസാണ് മാറ്റിയത്.
എന്നാൽ സ്ഥലം ഉടമ ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച് തരണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്തതെന്നാണ് വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചത്. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ഓഫീസ് പൊളിച്ച് നീക്കിയതെന്നും എന്നാൽ ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐഎം സ്ഥാനാർത്ഥിയായി പയ്യന്നൂരിൽ ടി ഐ മധുസൂദനൻ എംഎൽഎയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. ടി ഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ചയാളാണ് കുഞ്ഞികൃഷ്ണൻ. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്നായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം.
CPIM files complaint against V Kunhikrishnan









