രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, മധുസൂദനന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് നേരെ സിപിഎം അക്രമം; സിപിഎം ഗുണ്ടകളുടെ ആക്രമണം പ്രതിഷേധാർഹമെന്ന് സണ്ണി ജോസഫ്

പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം വീണ്ടും കനക്കുന്നതിനിടെ, ടി.ഐ മധുസൂദനൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം അക്രമം. പയ്യന്നൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയാണ് സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. സംഘർഷത്തിൽ പരിക്കേറ്റ പ്രതിഷേധക്കാരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎം നേതൃത്വം പൂർണ്ണമായും തള്ളിക്കളഞ്ഞു. പാർട്ടിയെ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്നും എല്ലാവരും കള്ളന്മാരാണെന്ന് വരുത്തിത്തീർക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നതെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു. എന്നാൽ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്ന കുഞ്ഞികൃഷ്ണൻ, തന്റെ പരാതികൾക്ക് വ്യക്തമായ മറുപടി നൽകാൻ നേതൃത്വം തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായാണ് ആരോപണം. അതേസമയം, പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനെതിരെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് സിപിഎം വ്യാപകമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും ചട്ടുകമായി കുഞ്ഞികൃഷ്ണൻ മാറുന്നു എന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. സിപിഎം ഗുണ്ടകൾ നടത്തിയ ആക്രമം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.

സണ്ണി ജോസഫ് പറഞ്ഞത്

ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയ ടി എ മധുസൂദനൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിന് നേരെ സിപിഎം ഗുണ്ടകൾ നടത്തിയ ആക്രമം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ നിന്നുള്ള ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണ് ഈ ആക്രമണം. സിപിഎം മുൻ ഏരിയാ സെക്രട്ടറി പി കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിൻ്റെ ജീർണ്ണതയാണ് തുറന്നുകാട്ടപ്പെട്ടത്. ഇതിലെ ജാള്യതയാണ് സിപിഎമ്മിനെ ആക്രമത്തിന് പ്രേരിപ്പിക്കുന്നത്. രക്തസാക്ഷി കുടുംബത്തോടും അണികളോടും സിപിഎമ്മിന് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയ പ്രതികളെ നിയമത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഴുവൻ സിപിഎമ്മുകാരായ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide