
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നതിനെ ന്യായീകരിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. വിഷയത്തിൽ ബി.ജെ.പി നടത്തുന്ന പ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടന്ന സ്വീകരണ പരിപാടിയിൽ പറഞ്ഞു. മണിപ്പൂർ കത്തുമ്പോഴും സംസ്ഥാനങ്ങൾ സന്ദർശിച്ചതിനേക്കാൾ കൂടുതൽ വിദേശയാത്ര നടത്തിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സമരം ഏത് രീതിയിൽ മുന്നോട്ടുകൊണ്ടുപോകണം എന്നത് ഓരോ രാഷ്ട്രീയ പാർട്ടികളുടെയും താത്പര്യമാണെന്ന് എം.എ. ബേബി വ്യക്തമാക്കി. ഇന്ത്യാ സഖ്യം രാജ്യത്ത് യോജിച്ചാണ് സമരരംഗത്തുള്ളത്. അതുകൊണ്ട് തന്നെ യോജിച്ച പോരാട്ടങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിലുള്ള ഒരു പ്രതികരണവും തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും, പാർട്ടി പരിപാടികളിൽ പറയാനുള്ള കാര്യങ്ങൾ അവിടെ പറയുമെന്നും ഡൽഹിയിലെ സമരത്തിന് ശേഷം കേരളത്തിലെത്തിയ അദ്ദേഹത്തിന് സി പി എം പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കവേയാണ് ബേബി ഇക്കാര്യം പറഞ്ഞത്.
അതേസമയം വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയെന്ന വാർത്തകളിൽ കടുത്ത പരിഹാസവുമായാണ് ബി.ജെ.പി രംഗത്തെത്തിയത്. നുണകൾ പ്രചരിപ്പിച്ച ശേഷം രാഹുൽ അവധി ആഘോഷിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. രാഹുൽ ഗാന്ധി വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, നുണകൾ പറഞ്ഞ് മടുത്തെന്നും ഇനി കുറച്ചുദിവസം വിയറ്റ്നാമിൽ ചുറ്റിക്കറങ്ങി വരാമെന്നുമുള്ള പരിഹാസക്കുറിപ്പോടെ ബി.ജെ.പി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വിമർശനം കടുപ്പിച്ചു.
CPM General Secretary MA Baby Defends Rahul Gandhi’s Foreign Trip; BJP Takes Dig Over Vietnam Visit















