
വിവാദങ്ങൾക്കും ഇ ഡി അന്വേഷണങ്ങൾക്കും ഇടയിൽ നടന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സിപിഎം നയിക്കുന്ന ഇടതുമുന്നണിക്ക് സമ്പൂർണ്ണ വിജയം. ആകെയുള്ള 11 സീറ്റുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ബാങ്കിലെ തട്ടിപ്പ് വിവാദങ്ങളും തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തെളിയിക്കുന്നതാണ് ഈ ഫലമെന്ന് സിപിഎം നേതൃത്വം അവകാശപ്പെട്ടു. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്.
യുഡിഎഫും ബിജെപിയും സംയുക്തമായി അണിനിരന്ന ‘ബാങ്ക് സംരക്ഷണ സമിതി’യെ പരാജയപ്പെടുത്തിയാണ് സിപിഎം ആധിപത്യം നിലനിർത്തിയത്. ബാങ്കിലെ കോടികളുടെ ക്രമക്കേട് ചർച്ചയാക്കി അധികാരം പിടിച്ചെടുക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും വോട്ടർമാർ ഭരണസമിതിയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര ഏജൻസികളുടെയും വലതുപക്ഷത്തിന്റെയും ശ്രമങ്ങൾക്കുള്ള മറുപടിയാണ് ഈ വിജയമെന്ന് വോട്ടെണ്ണലിന് ശേഷം ഇടതുപക്ഷ നേതാക്കൾ പ്രതികരിച്ചു.
ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി. മൊയ്‌തീൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ ഈ വിജയം സർക്കാരിനും സിപിഎമ്മിനും വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്. നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിനും ബാങ്കിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കുന്നതിനുമുള്ള നടപടികൾ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കുമെന്ന് പാർട്ടി അറിയിച്ചു. പരാജയപ്പെട്ടെങ്കിലും തങ്ങളുടെ വോട്ടുവിഹിതത്തിൽ വർദ്ധനവുണ്ടായെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.
CPM Sweeps Karuvannur Bank Board Elections; Wins All 11 Seats Amid Fraud Allegations and ED Probe











