പയ്യന്നൂർ ഫണ്ട് വിവാദത്തിൽ കണക്കുകൾ പുറത്തിവിടേണ്ടതില്ല, പാർട്ടിക്കുള്ളിൽ ബോധ്യപ്പെടുത്തും; ഫണ്ട് താൽക്കാലിക ആവശ്യങ്ങൾക്ക് മാറ്റിയതിൽ തിരുത്തൽ വരുത്തിയെന്നും ജില്ലാ സെക്രട്ടറി

കണ്ണൂർ: പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടിയുടെ കണക്കുകൾ മാധ്യമങ്ങൾക്ക് നൽകില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. രക്തസാക്ഷി ഫണ്ടിൽ നിന്ന് തുക താൽക്കാലിക ആവശ്യങ്ങൾക്കായി മാറ്റിയത് തെറ്റാണെന്ന് കണ്ട് നേരത്തെ തിരുത്തിയിട്ടുണ്ടെന്നും ഇതിൽ പാർട്ടിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും മാധ്യമങ്ങളോട് കണക്ക് ബോധിപ്പിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, വി. കുഞ്ഞികൃഷ്ണന്റെ ഏകപക്ഷീയമായ നിലപാടുകളെ തള്ളിക്കളഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരസ്യ വെളിപ്പെടുത്തൽ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ സി പിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ വിവരം അറിയിച്ചതിനൊപ്പമാണ് ജില്ലാ സെക്രട്ടറി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയ വഞ്ചകനാണ് കുഞ്ഞികൃഷ്ണനെന്നും കമ്മ്യൂണിസ്റ്റ് എന്ന പദത്തിന് അരികിൽ നിൽക്കാൻ പോലും ഇയാൾ യോഗ്യനല്ലെന്നും സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനോടുള്ള വ്യക്തിപരമായ പകയും വൈരനിര്യാതന ബുദ്ധിയുമാണ് കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് പിന്നിലെന്നും വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതായും നേതൃത്വം വ്യക്തമാക്കി. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ഒരു രൂപ പോലും പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് സിപിഎം വിശദീകരിച്ചു. രക്തസാക്ഷി കുടുംബത്തെ സഹായിക്കാനും വീട് നിർമ്മിക്കാനും കേസുകൾ നടത്താനുമായിരുന്നു ഫണ്ട് ഉപയോഗിച്ചത്. വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിൽ നാല് വർഷത്തെ താമസം ഉണ്ടായതിൽ പാർട്ടി നേരത്തെ തന്നെ ജാഗ്രതാകുറവ് കണ്ടെത്തുകയും 2022-ൽ മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുക്കുകയും ചെയ്തതാണ്. രസീത് ബുക്ക് അച്ചടിച്ചതിൽ ഉണ്ടായ സാങ്കേതിക പിഴവുകൾ നശിപ്പിക്കുന്നതിൽ വന്ന വീഴ്ചയെ പർവ്വതീകരിച്ച് കാട്ടി പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചതെന്ന് ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.

കുഞ്ഞികൃഷ്ണനെ നേരിട്ട് കണ്ട് തിരുത്താൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ലെന്നും പാർട്ടി വിരുദ്ധ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറാൻ തയ്യാറായില്ലെന്നും നേതൃത്വം അറിയിച്ചു. പാർട്ടിയുടെ ആന്തരിക ജനാധിപത്യത്തെ ദുരുപയോഗം ചെയ്ത് മാധ്യമങ്ങൾക്ക് മുന്നിൽ വിരുന്നുണ്ണുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത്തരം വഞ്ചനകളെ നേരിടാൻ സിപിഎമ്മിന് കെൽപ്പുണ്ടെന്നും കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും സിപിഎം വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide