യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞു. ട്രംപിൻ്റെ തീരുമാനം പുറത്തുവന്ന ഉടൻ അന്താരാഷ്ട്ര ഓഹരി വിപണികൾ ഉണരുകയും ചെയ്തു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 109.77 ഡോളറിൽ നിന്ന് 95.068 ഡോളറായി കുത്തനെ കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ വിലയിലും ബാരലിന് ഏകദേശം 20 ഡോളറോളം കുറവുണ്ടായി.
വെടിനിർത്തലിന്റെ ഭാഗമായി ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് ഉറപ്പായതാണ് വില കുറയാൻ പ്രധാന കാരണം. ഫെബ്രുവരി 28 മുതൽ നടന്നുവന്ന ആക്രമണങ്ങൾ കാരണം ഇറാൻ ഈ പാത അടച്ചിരുന്നു. എണ്ണവില കുറഞ്ഞതോടെ ഓഹരി വിപണിയിൽ ഉണർവുണ്ടായി. യുഎസ് സ്റ്റോക്കുകളും ബോണ്ടുകളും ഉയരുകയും ക്രിപ്റ്റോകറൻസികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. ഓസ്ട്രേലിയൻ ഡോളർ, യൂറോ എന്നിവയുടെ മൂല്യവും വർധിച്ചു.
ആക്രമണങ്ങൾ കാരണം മാർച്ചിൽ എണ്ണവില 50 ശതമാനത്തിലധികം വർധിച്ചിരുന്നു. ഇത് ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് ഭയപ്പെട്ടിരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം വിപണിക്ക് ആശ്വാസമായത്. ട്രംപിൻ്റെ അന്ത്യശാസനം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് ഇറാനും യുഎസും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. പാകിസ്‌താന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് വെടിനിർത്തലെന്നാണ് റിപ്പോർട്ട്.
Crude oil prices fall sharply on US-Iran ceasefire, stock market rebounds















