‘അതിജീവിതയ്‌ക്കൊപ്പം, ആരെയും സംരക്ഷിക്കില്ല’; രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതി നേരിടുന്ന സംവിധായകൻ രഞ്ജിത്തിനെ തള്ളി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ കൂടിയായ രഞ്ജിത്തിനെതിരായ ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്നും സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ഏത് ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കർശനമായ
നിയമനടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയിലെ സംഭാവനകൾ പരിഗണിച്ചാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമിയിൽ ഉന്നത പദവി നൽകിയത്. എന്നാൽ വ്യക്തികൾ ചെയ്യുന്ന തെറ്റുകൾ ആ സ്ഥാപനത്തിൻ്റെ ചുമലിൽ കെട്ടിവെക്കേണ്ടതില്ല. ഇത്തരം പരാതികൾ ആവർത്തിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. രഞ്ജിത്തിൻ്റെ ഭാഗത്തുനിന്ന് ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവണതകൾ മ്ലേച്ഛമാണെന്നും മന്ത്രി വിമർശിച്ചു.

പരാതികളുമായി മുന്നോട്ട് വരാൻ അതിജീവിതകൾ ധൈര്യം കാണിക്കണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടു. പരാതികൾ പിൻവലിച്ചു പിന്മാറരുത്, പകരം ബോൾഡ് ആയി നേരിടണം. ഇതിനായി പ്രഗത്ഭരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ നിയമനിർമാണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിനിമാ മേഖലയിലെ അതിക്രമങ്ങൾ തടയുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ കോണ്‍ക്ലേവിന് ശേഷം ഇത്തരം അതിക്രമങ്ങൾ കുറഞ്ഞിരുന്നു. ഇപ്പോൾ പരാതി വന്ന ഉടനെ നടപടിയെടുത്തു. ദുരനുഭവം ഉണ്ടായവർ മുന്നോട്ട് വരാൻ തയ്യാറാകണമെന്നും സജി ചെറിയാൻ പറഞ്ഞു.

Culture Minister Saji Cherian against director Ranjith, who is facing sexual harassment allegations

More Stories from this section

family-dental
witywide