ഒബാമ – ലിയോ മാർപ്പാപ്പ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു; സൂചന നൽകി ഡേവിഡ് ആക്‌സെൽറോഡിൻ്റെ വത്തിക്കാൻ സന്ദർശനം

വത്തിക്കാൻ സിറ്റി: പോപ്പ് ലിയോ പതിനാലാമനും മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമയും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. ഒബാമയുടെ മുഖ്യ ഉപദേശകനും പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനുമായ ഡേവിഡ് ആക്‌സെൽറോഡ് കഴിഞ്ഞ ദിവസം മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത് ഈ സാധ്യത വർദ്ധിപ്പിക്കുന്നു.

ഷിക്കാഗോ സ്വദേശിയായ പോപ്പ് ലിയോ പതിനാലാമനെ കാണാൻ തനിക്ക് അതിയായ താല്പര്യമുണ്ടെന്ന് മുൻപ് ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ഒബാമ വ്യക്തമാക്കിയിരുന്നു. ഷിക്കാഗോയിലെ സൗത്ത് സൈഡിൽ ‘ഒബാമ പ്രസിഡൻഷ്യൽ സെൻ്റർ’ ഉദ്ഘാടനത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ആക്‌സെൽറോഡിൻ്റെ അപ്രതീക്ഷിത വത്തിക്കാൻ സന്ദർശനം.

മാർപ്പാപ്പയും ഒബാമയും തമ്മിലുള്ള ഷിക്കാഗോ ബന്ധമാണ് ഈ കൂടിക്കാഴ്ചയെ ശ്രദ്ധേയമാക്കുന്നത്. സൗത്ത് സബർബൻ ഡോൾട്ടനിൽ വളർന്ന ലിയോ മാർപ്പാപ്പ ഷിക്കാഗോ നഗരം ആസ്ഥാനമായുള്ള പ്രശസ്തമായ പ്രൊഫഷണൽ ബേസ്ബോൾ ടീമായ വൈറ്റ് സോക്സിൻ്റെ കടുത്ത ആരാധകൻ കൂടിയാണ്.

ഒബാമയുടെ രാഷ്ട്രീയ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ആക്‌സെൽറോഡ് ഷിക്കാഗോ സർവകലാശാലയിലാണ് പഠിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി നിരീക്ഷിക്കുന്ന വ്യക്തിയാണ് ലിയോ മാർപ്പാപ്പയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അമേരിക്കൻ രാഷ്ട്രീയത്തിൽ മാർപ്പാപ്പയുടെ ഇടപെടലുകളെക്കുറിച്ച് പുസ്തകം എഴുതുന്ന ക്രിസ്റ്റഫർ ഹേലിൻ്റെ അഭിപ്രായത്തിൽ, ഈ കൂടിക്കാഴ്ചയുടെ സമയം ഏറെ നിർണായകമാണ്. നേരത്തെ ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറും നിരവധി അമേരിക്കൻ മേയർമാരും വത്തിക്കാനിലെത്തി മാർപ്പാപ്പയെ കണ്ടിരുന്നു. എന്നാൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇതുവരെ ലിയോ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല.

2026-ൽ അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ആ വർഷം മാർപ്പാപ്പ യുഎസ് സന്ദർശനം നടത്തില്ലെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഒബാമ വത്തിക്കാനിലെത്തി മാർപ്പാപ്പയെ കാണാനാണ് കൂടുതൽ സാധ്യത. യുദ്ധങ്ങൾക്കെതിരെയും സമാധാനത്തിനായും ശക്തമായ നിലപാടെടുക്കുന്ന മാർപ്പാപ്പയുടെ വാക്കുകൾ ആഗോള രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നവയാണ്. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഡേവിഡ് ആക്‌സെൽറോഡോ വത്തിക്കാൻ വൃത്തങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല.

David Axelrod’s Vatican visit hints at Obama-Pope Leo meeting