രാജ്യത്തെ ഞെട്ടിച്ച മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വിഎസ്ആർ വെഞ്ച്വേഴ്സിനെതിരെ നടപടിയുമായി DGCA. വിഎസ്ആറിന്റെ 4 വിമാനങ്ങൾക്ക് പറക്കാനുള്ള അനുമതി നിഷേധിച്ചു. ബാരാമതിയിൽ അപകടത്തിൽപ്പെട്ടത് വിഎസ്ആറിന്റെ ലിയർജെറ്റ് 45 എന്ന വിമാനമായിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ തന്നെ സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ ഉത്തരവിട്ടിരുന്നു.
ഈ റിപ്പോർട്ട് വന്നതിന് തൊട്ട് പിന്നാലെയാണ് ഒന്നിലധികം ലംഘനങ്ങൾ കണ്ടെത്തിയത്, ഇതിന് പിന്നാലെയായിരുന്നു നടപടി. നിരവധി സുരക്ഷാ ലംഘനങ്ങൾ വിമാനം നടത്തിയതായി ഡിജിസിഎ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ വിഎസ്ആർ വെഞ്ച്വേഴ്സിന് 7 പ്രൈവറ്റ് ജെറ്റുകളാണ് ഉള്ളത്. അതിൽ 4 വിമാനങ്ങളുടെ പറക്കാനുള്ള അനുമതി നിഷേധിച്ച് ഗ്രൗണ്ട് ചെയ്യാനാണ് ഉത്തരവ് ഇട്ടിരിക്കുന്നത്. കൂടുതൽ പരിശോധന ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതായും ഡിജിസിഎ വ്യക്തമാക്കി.
അതേസമയം, വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അന്തിമ റിപ്പോർട്ട് വന്നശേഷം മാത്രമാണ് അറിയാൻ കഴിയുക.കഴിഞ്ഞ മാസം 28നാണ് അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അജിത് പവാറിനെ കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, അറ്റൻഡന്റ് പിങ്കി മാലി, പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂർ, സഹപൈലറ്റ് ശംഭവി പതക് എന്നിവരും കൊല്ലപ്പെട്ടിരുന്നു.
Death of former Deputy Chief Minister Ajit Pawar; DGCA action against VSR Ventures













