ബസിനുള്ളിൽ മോശമായി പെരുമാറിയെന്നാരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയും. ജാമ്യഹർജിയിൽ ശനിയാഴ്ച വാദം പൂർത്തിയായതോടെയാണ് ജനുവരി 27-ലേക്ക് വിധി മാറ്റിവെച്ചത്. നിലവിൽ മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുന്ന ഷിംജിതയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും, ഇത്തരമൊരു അപമാനം ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ സാക്ഷികളുടെ മൊഴികളും തെളിവുകളും പോലീസ് ശേഖരിച്ചുവരികയാണ്.
അതേസമയം, ഷിംജിതയ്ക്ക് ദീപക്കിനെ മുൻപരിചയമില്ലാത്തതിനാൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. കഴിഞ്ഞ ജനുവരി 16-നായിരുന്നു സ്വകാര്യ ബസിൽ വെച്ച് യുവതി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം വിവാദമായതോടെ ഒളിവിൽ പോയ ഷിംജിതയെ അഞ്ച് ദിവസത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്.













