ദീപക്കിന്റെ ആത്‍മഹത്യയിൽ പ്രതി ഷിംജിതയെ ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അതേസമയം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചത്. വെറുതെ ഒന്നും പറയില്ലല്ലോ എന്നും ഷിംജിത പ്രതികരിച്ചു.
ഷിംജിതയെ ദീപക്കിന്റെ കുടുംബം നൽകിയ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റംചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണ് എന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ മാറ്റി.
പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും നിര്‍ണ്ണായമായതരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Deepak’s suicide; Accused Shimjita remanded in police custody













