ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫ അറസ്റ്റിൽ. യുവതിയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലാവുകയായിരുന്നു
കേസിൽ ഷിംജിത മുസ്തഫ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. പൊലീസ് പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരം ഒരുക്കി എന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നും ദീപക്കിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
അതേസമയം, ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാര്‍ പ്രതികരിച്ചിരുന്നു. കേസിൽ ജീവനക്കാരുടെ മൊഴിയും ഒപ്പം ബസില്‍ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
Deepak’s suicide; Social media influencer Shimjita Mustafa arrested













