
കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസിനായി വോട്ടഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രംഗത്ത്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നവരിൽ പ്രമുഖയായിരുന്നു ദീപ്തിയെങ്കിലും പാർട്ടി തീരുമാനം പ്രതികൂലമായി വന്നതിന് പിന്നാലെ ഷിയാസിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എത്തുകയായിരുന്നു.
“കൊച്ചിയെ തിരിച്ചുപിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക” എന്ന കുറിപ്പോടെ ഷിയാസിൻ്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ ദീപ്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന പ്രചാരണങ്ങൾക്കും പാർട്ടി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾക്കും മറുപടിയായാണ് ഈ നീക്കം.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് ദീപ്തിക്കായി ‘സർവ്വം ദീപ്തം’ എന്ന പേരിൽ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഹൈക്കമാൻഡ് തലത്തിൽ മുഹമ്മദ് ഷിയാസിനെ ഉറപ്പിച്ചതോടെ പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുന്നുവെന്ന സന്ദേശമാണ് ദീപ്തി ഇപ്പോൾ നൽകുന്നത്. ദീപ്തി മേരി വർഗീസിനെ പരിഗണിക്കണമെന്ന് കെ സി വേണുഗോപാൽ നിലപാടെടുത്തു. എന്നാൽ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന നിലപാടിൽ വി ഡി സതീശൻ ഉറച്ചുനിൽക്കുകയായിരുന്നു.
അതേസമയം, കൊച്ചി മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യത്തോടെയുള്ള പ്രചാരണത്തിനാണ് യുഡിഎഫ് ഇപ്പോൾ മുൻഗണന നൽകുന്നത്.
Deepti Mary Varghese appeals for votes for Muhammed Shias















