ന്യൂയോർക്കിനും ന്യൂജഴ്‌സിക്കും പിന്നാലെ ഓഗസ്റ്റ് 15 ‘ഇന്ത്യ ഡേ’ ആയി പ്രഖ്യാപിച്ച് ഡെലവെയർ

വാഷിങ്ടൺ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ‘ഇന്ത്യ ഡേ’ ആയി പ്രഖ്യാപിച്ച് അമേരിക്കയിലെ ഡെലവെയർ സംസ്ഥാനം. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് ഡെലവെയർ പ്രഖ്യാപനം നടത്തിയത്. ന്യൂയോർക്കും ന്യൂജഴ്‌സിയും നേരത്തെ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചിരുന്നു.ഡെലവെയർ ഗവർണർ മാത്യു മേയർ ആണ് 2026 ഓഗസ്റ്റ് 15 ‘ഇന്ത്യ ഡേ’ ആയി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വളർന്നുവരുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളിലെ സംഭാവനകളും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

ഓഗസ്റ്റ് 13ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഡെലവെയറിന്റെ പ്രഖ്യാപനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.വിവിധ സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന സമൂഹമാണ് ഡെലവെയറിനെ ശക്തിപ്പെടുത്തുന്നതെന്നും അതിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് പ്രധാന പങ്കുണ്ടെന്നും പ്രഖ്യാപനത്തിൽ പറയുന്നു.ഇന്ത്യൻ പാരമ്പര്യമുള്ള ഡെലവെയർ നിവാസികൾ അവരുടെ തൊഴിൽ, നേതൃത്വം, സേവനം എന്നിവയിലൂടെ സംസ്ഥാനത്തിന്റെ പുരോഗതിക്ക് സംഭാവന നൽകിയതായി ഗവർണറുടെ പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി.

ഭാവിതലമുറകൾക്കായി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും അവർ പങ്കുവഹിച്ചതായും വ്യക്തമാക്കി.ഇന്ത്യയുടെ ഭാഷ, സംസ്കാരം, വിശ്വാസങ്ങൾ, ആചാരങ്ങൾ എന്നിവയുടെ വൈവിധ്യവും പ്രഖ്യാപനത്തിൽ എടുത്തുപറഞ്ഞു. അമേരിക്കയിൽ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനൊപ്പം തലമുറകളായി ഇന്ത്യൻ-അമേരിക്കക്കാർ ഈ പാരമ്പര്യങ്ങൾ നിലനിർത്തി മുന്നോട്ടുകൊണ്ടുപോകുന്നതായും വ്യക്തമാക്കി.ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ആദരിക്കാനും ഡെലവെയറിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ പൈതൃകവും നേട്ടങ്ങളും ആഘോഷിക്കാനും ഇന്ത്യയും ഡെലവെയറും തമ്മിലുള്ള ദീർഘകാല ബന്ധം അംഗീകരിക്കാനുമുള്ള അവസരമായിരിക്കും ‘ഇന്ത്യ ഡേ’യെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

ന്യൂയോർക്കിലും ന്യൂജഴ്‌സിയിലും പ്രഖ്യാപനം

ഡെലവെയറിന് മുമ്പ് ന്യൂയോർക്കും ന്യൂജഴ്‌സിയും ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചിരുന്നു. ന്യൂജഴ്‌സി ഗവർണർ മിക്കി ഷെറിൽ സംസ്ഥാനത്തുടനീളം ഇന്ത്യൻ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തി. വിദ്യാഭ്യാസം, ആരോഗ്യരംഗം, ഗവേഷണം, സാങ്കേതികവിദ്യ, ബിസിനസ്, പൊതുസേവനം, സാമൂഹിക നേതൃത്വം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹം നൽകിയ സംഭാവനകൾ പ്രഖ്യാപനത്തിൽ എടുത്തുപറഞ്ഞതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കുലും ഓഗസ്റ്റ് 15 സംസ്ഥാനത്തുടനീളം ‘ഇന്ത്യ ഇൻഡിപെൻഡൻസ് ഡേ’ ആയി പ്രഖ്യാപിച്ചു. ന്യൂയോർക്കിന്റെ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക മേഖലകളിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹം നൽകിയ സംഭാവനകളും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീർഘകാല ബന്ധവും പ്രഖ്യാപനത്തിൽ അംഗീകരിച്ചതായി കോൺസുലേറ്റ് അറിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയും ഇന്ത്യയും അമേരിക്കയും പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളും ആഘോഷിക്കുന്നതാണ് പ്രഖ്യാപനമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.

അമേരിക്കയിലുടനീളം ആഘോഷങ്ങൾ

എല്ലാ വർഷവും അമേരിക്കയിലുടനീളം പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ, വിവിധ സമൂഹിക ആഘോഷങ്ങൾ എന്നിവയിലൂടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആചരിക്കുന്നത്.വാഷിങ്ടണിലെ ഇന്ത്യൻ എംബസിയും വിവിധ ഇന്ത്യൻ കോൺസുലേറ്റുകളും ഓഗസ്റ്റ് 15ന് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ ദൗത്യവും അനുസ്മരണ പരിപാടികളിൽ പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹങ്ങളും സാംസ്കാരിക പരിപാടികളും പൊതുആഘോഷങ്ങളും സംഘടിപ്പിക്കും. പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുകയും അമേരിക്കൻ സമൂഹത്തിന് ഇന്ത്യൻ-അമേരിക്കൻ സമൂഹം നൽകുന്ന സംഭാവനകൾ എടുത്തുപറയുകയും ചെയ്യും.

Delaware has proclaimed August 15, 2026, as ‘India Day’, joining New York and New Jersey in recognising India’s Independence Day and the contributions of the Indian-American community ahead of the country’s 80th Independence Day.

More Stories from this section

family-dental
witywide