കേന്ദ്രാനുമതിക്ക് മുൻപേ നരവനെയുടെ പുസ്തകം നാല് രാജ്യങ്ങളിൽ ഗൂഡാലോചന സംശയിച്ച് ഡല്‍ഹി പൊലീസ്

ന്യൂ ഡൽഹി: മുൻ സൈനികമേധാവി മേജർ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി യുഎസ്, കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ലഭ്യമെന്ന് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ല എന്നിരിക്കെയാണ് പുസ്തകം അന്താരാഷ്ട്ര വിപണിയിൽ എത്തിയത്. പുസ്തകം പുറത്തിറങ്ങിയത് അന്വേഷിക്കുന്ന ഡൽഹി സ്പെഷ്യൽ സെല്ലാണ് പുസ്തകം വിപണിയിൽ ഇറങ്ങിയെന്ന കണ്ടെത്തലിൽ എത്തിയത്.

അതേസമയം, സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് ഡൽഹി പൊലീസിന്റെ സംശയം. നാല് രാജ്യങ്ങളിലെയും പുസ്തകവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുകയാണ്. പുസ്തകത്തിന്റെ അനധികൃത പകർപ്പുകൾ പ്രചരിക്കുന്നുവെന്ന വാർത്തകൾക്കും പാർലമെന്റിലെ രാഷ്ട്രീയ തർക്കങ്ങൾക്കും പിന്നാലെ പുസ്തകം ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ ബുക്‌സും നരവനെയും പറഞ്ഞിരുന്നു. നേരത്തെ നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു, അങ്ങനെയെങ്കിൽ വിദേശരാജ്യങ്ങളിൽ നിന്നായിരിക്കാം പുസ്തകം ചോർന്നത് എന്ന നിഗമനത്തിൽ പൊലീസ് മുൻപുതന്നെ എത്തിയിരുന്നു.

രാഹുല്‍ ഗാന്ധി മുന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്സഭയില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യനങ്ങളിലടക്കം പുസ്തകത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോള്‍ താന്‍ രാജ്‌നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ആ രാത്രിയില്‍ താന്‍ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചു എന്നും നരവനെ പറയുന്നുണ്ട്.

ഏറെ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ എത്ര പേരെ നിലനിര്‍ത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ 75 ശതമാനം പേരെയും നിലനിര്‍ത്താനായിരുന്നു ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നത്.

എന്നാല്‍ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. 20,000 രൂപയായിരുന്നു അഗ്നിവീറുകള്‍ക്ക് ശമ്പളമായി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. പിന്നീട് ഈ സംഖ്യ 30,000 ആക്കി ഉയര്‍ത്തുകയായിരുന്നുവെന്നും നരവനെ പുസ്തകത്തിൽ പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Delhi Police suspects conspiracy in four countries over Naravane’s book before central approval

More Stories from this section

family-dental
witywide