യു എസ് വിസ നിഷേധം: വിസ നടപടിയെ ചോദ്യം ചെയ്ത് ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകൻ

ബെംഗളൂരു: വ്യക്തമായ ബിസിനസ് ആവശ്യവും അന്താരാഷ്ട്ര പരിചയവും ഉണ്ടായിട്ടും യുഎസ് വിസ നിഷേധിക്കപ്പെട്ടതായി ആരോപിച്ച് ബെംഗളൂരുവിലെ ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ രംഗത്തെത്തി. നിയോസാപിയൻ (NeoSapien) എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകനായ ധനഞ്ജയ് യാദവ് ആണ് വിസ നടപടിക്കെതിരെ പ്രതികരിച്ചത്. ചൊവ്വാഴ്ച ഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന അഭിമുഖത്തിനിടെയാണ് തന്റെ വിസ അപേക്ഷ തള്ളിയതെന്ന് ധനഞ്ജയ് യാദവ് X (ട്വിറ്റർ) വഴി വ്യക്തമാക്കി. നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾക്കും ബിസിനസ്-ടു-ബിസിനസ് (B2B) പങ്കാളിത്ത സാധ്യതകൾ തേടിയും യുഎസിലേക്കാണ് യാത്ര പോകാനിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഎസിൽ പ്രവർത്തിക്കുന്ന പൈക്സിസ് (Pyxis) എന്ന കമ്പനിയുടെ സഹസ്ഥാപകനും നിയോസാപിയനിലെ നിക്ഷേപകനുമായ ഹരി വല്യത്ത് നൽകിയ ക്ഷണപ്രകാരം ആയിരുന്നു യാത്ര. 200 മില്യൺ ഡോളറിലധികം ഫണ്ടിംഗ് നേടിയ സ്ഥാപനമാണ് പൈക്സിസ്. യാത്രയുടെ മുഴുവൻ ചെലവും കമ്പനിയാണ് വഹിക്കുന്നതെന്നും ധനഞ്ജയ് യാദവ് വ്യക്തമാക്കി. വിസ അഭിമുഖത്തിനിടെ യാത്രയുടെ ഉദ്ദേശ്യം നിക്ഷേപക കൂടിക്കാഴ്ചകളും B2B പങ്കാളിത്തങ്ങളുമാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, ഉദ്യോഗസ്ഥൻ ശമ്പളത്തെക്കുറിച്ചാണ് ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്റ്റാർട്ടപ്പ് സ്ഥാപകനായതിനാൽ ശമ്പളം വളരെ കുറവാണെങ്കിലും യാത്ര കമ്പനി ഫണ്ടുചെയ്യുന്നതാണെന്ന് അറിയിച്ചിട്ടും, പിന്നാലെ വിസ നിഷേധിക്കുകയായിരുന്നുവെന്ന് ധനഞ്ജയ് യാദവ് കുറിച്ചു. ഈ തീരുമാനം മനസിലാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് യുഎസിൽ പഠിച്ചിട്ടുണ്ടെന്നും ജർമനിയിലെ ബെർലിനിൽ ജോലി ചെയ്ത പരിചയമുണ്ടെന്നും, യുഎസിൽ അനധികൃതമായി തുടരാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ധനഞ്ജയ് യാദവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. നിരവധി സ്റ്റാർട്ടപ്പ് സ്ഥാപകരും പ്രൊഫഷണലുകളും യുഎസ് വിസ പരിശോധനാ നടപടികളെ ചോദ്യം ചെയ്തു. വിസ അഭിമുഖങ്ങൾ പലപ്പോഴും “ലോജിക്കിനേക്കാൾ മൂഡിനെ ആശ്രയിച്ചുള്ളതാണെന്ന്” ചിലർ അഭിപ്രായപ്പെട്ടു.

ഒരു ഉപയോക്താവ് കോൺഫറൻസിൽ പങ്കെടുത്ത ശേഷം യുഎസിൽ കുടിയേറ്റ പരിശോധനയ്ക്കിടെ അനുഭവിച്ച ബുദ്ധിമുട്ടുകൾ പങ്കുവച്ചു. മറ്റൊരാൾ, നീണ്ട യാത്രക്കും ക്യൂവിനും ശേഷം ബാങ്ക് അക്കൗണ്ടിലെ പണം തെളിവായി കാണിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ തൃപ്തരായതെന്ന് പറഞ്ഞു. ഇന്റർവ്യൂ നടത്തുന്ന ഉദ്യോഗസ്ഥരുടെ സമീപനം തന്നെ ഫലത്തെ ബാധിക്കാമെന്നും, മറ്റൊരു കോൺസുലേറ്റിൽ വീണ്ടും അപേക്ഷിക്കാമെന്നുമുള്ള നിർദേശങ്ങളും ചിലർ മുന്നോട്ടുവച്ചു.

Denied US visa; Dhananjay Yadav, co-founder of startup NeoSapien, reacts to US visa action

More Stories from this section

family-dental
witywide