
തിരുവനന്തപുരം: നഗരവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രാധാന്യം നൽകി തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ് അവതരിപ്പിച്ചു. ‘മാറാത്തത് മാറും’ എന്ന മുദ്രാവാക്യവുമായി ഡെപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യ-ക്ഷേമ മേഖലകൾക്കും പശ്ചാത്തല വികസനത്തിനുമാണ് മുൻഗണന നൽകിയിരിക്കുന്നത്. മുൻ ഭരണസമിതിയുടെ പ്രവർത്തനരീതിയെ വിമർശിച്ചുകൊണ്ടാണ് ബജറ്റ് പ്രസംഗം നടത്തിയത്.
നഗരത്തിൽ വീടില്ലാത്തവർക്കായി കോർപ്പറേഷന്റെ സ്വന്തം ഭവന പദ്ധതി ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമാണത്തിനുള്ള മുഴുവൻ തുകയും കോർപ്പറേഷൻ തന്നെ നൽകും. ഇതിനൊപ്പം പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ‘വിശപ്പില്ലാത്ത നഗരം’ എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ ക്യാന്റീൻ പദ്ധതിക്കായി 2 കോടി രൂപ അനുവദിച്ചു. കോർപ്പറേഷന് കീഴിൽ ഒരു കോടി രൂപ ചെലവിൽ അടൽ സൂപ്പർമാർക്കറ്റും ആരംഭിക്കും.
രോഗനിർണയത്തിനും ചികിത്സയ്ക്കും ഊന്നൽ നൽകുന്ന വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. പ്രൈം ഹെൽത്ത് ലാബ് സൗകര്യങ്ങൾക്കായി 1.5 കോടി രൂപയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ച് സിറ്റി സ്കാനിംഗ്, എംആർഐ, എക്സ്-റേ സൗകര്യങ്ങളുള്ള സെന്ററിന് 1.5 കോടി രൂപയും അനുവദിച്ചു. നഗരത്തിലെ 50 കേന്ദ്രങ്ങളിൽ എച്ച്എൽഎല്ലുമായി ചേർന്ന് കളക്ഷൻ സെന്ററുകളും തുടങ്ങും.
ഭാവിയിൽ കോമൺവെൽത്ത് ഗെയിംസ് പോലുള്ള അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ നഗരത്തെ സജ്ജമാക്കുന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ഓഫീസ് ആരംഭിക്കും. ജർമൻ, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലും ഇന്ത്യൻ ഭാഷകളിലും പരിശീലനം നൽകാൻ നോർക്കയുമായി ചേർന്ന് 15 ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ വയോജന സൗഹൃദ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ ‘സൺറൈസ് പദ്ധതി’ (5 കോടി രൂപ) ആരംഭിക്കും. പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് സ്പിരിച്വൽ ടൂറിസം സർക്യൂട്ടിനായി 50 ലക്ഷം രൂപ അനുവദിച്ചു. അനന്തപുരി തൊഴിൽ കേന്ദ്രം വഴി 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും തൊഴിലുറപ്പാക്കാൻ 5 കോടി രൂപയുടെ പദ്ധതിയും ആരംഭിക്കും.















