
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി. ഫെയ്‌സ്ബുക്കിൽ പാകിസ്ഥാൻ പതാകയുടെയും ആയുധങ്ങളുടെയും ചിത്രങ്ങൾ പങ്കുവെച്ചുവെന്നാരോപിച്ച് അറസ്റ്റിലായ അഭിഷേക് സിംഗ് ഭരദ്വാജിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് രാകേഷ് കൈന്ത്‌ലയുടെ നിർണ്ണായക നിരീക്ഷണം. യുദ്ധം കൊണ്ട് ആർക്കും ഗുണമില്ലെന്നും എല്ലാ മനുഷ്യരും സമാധാനത്തോടെ കഴിയണമെന്നുമാണ് പ്രതി ചാറ്റുകളിലൂടെ പങ്കുവെച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭാരതീയ ന്യായ സംഹിതയിലെ (BNS) 152-ാം വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഹിമാചൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ, പ്രതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലോ ചാറ്റുകളിലോ ഇന്ത്യൻ സർക്കാരിനെതിരെ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള യാതൊരു പരാമർശവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. സമാധാനത്തിനായുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത് എങ്ങനെ രാജ്യദ്രോഹമാകുമെന്നും കോടതി ചോദിച്ചു. നിരോധിത ആയുധങ്ങളുടെ ചിത്രം പങ്കുവെച്ചതുകൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ സമാനമായ മറ്റൊരു കേസിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിക്കുന്നത് മാതൃരാജ്യത്തെ തള്ളിപ്പറയാത്ത പക്ഷം രാജ്യദ്രോഹമല്ലെന്ന് ഇതേ കോടതി നിരീക്ഷിച്ചിരുന്നു. സമാധാനത്തിനായുള്ള ശബ്ദങ്ങളെ അടിച്ചമർത്താൻ രാജ്യദ്രോഹ നിയമങ്ങൾ ഉപയോഗിക്കരുതെന്ന് ഓർമ്മിപ്പിച്ച കോടതി, അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും വ്യക്തമാക്കി. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യമായ ഉറപ്പിന്മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്.










