ആക്രമണമല്ലെന്ന് നിഗമനം, പുതുവത്സരാഘോഷത്തിനിടയിലെ സ്വിസ് ബാറിലെ സ്ഫോടനത്തിൽ മരണ സംഖ്യ 40 കടന്നു, ഇനിയും ഉയരുമോയെന്ന് ആശങ്ക; കണ്ണീരണിഞ്ഞ് രാജ്യം

സ്വിറ്റ്‌സർലൻഡിലെ ബാറിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കടന്നു. നൂറോളം പേർക്ക് പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പലർക്കും ഗുരുതമായി പരിക്കേറ്റിട്ടുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്ക ശക്തമാണ്. പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടനത്തിൽ ആക്രമണ സാധ്യതയില്ലെന്നാണ് നിഗമനമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. പുതുവർഷത്തെ വരവേൽക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ സമയത്താണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

ആഘോഷത്തിന്റെ ഭാഗമായി ബാറിനുള്ളിൽ ഉപയോഗിച്ച പടക്കങ്ങളോ മറ്റ് വെടിക്കെട്ടുകളോ ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതിവേഗം പടർന്നുപിടിച്ച തീയും പുകയും കാരണം ആളുകൾക്ക് പുറത്തിറങ്ങാൻ സാധിക്കാതെ വന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി. ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമന സേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

ദുരന്തത്തെത്തുടർന്ന് പ്രദേശം പോലീസ് കർശന നിയന്ത്രണത്തിലാണ്. രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടത്തിനുള്ളിൽ പരിശോധന തുടരുകയാണ്. പരിക്കേറ്റവരെ ഹെലികോപ്റ്ററുകൾ വഴിയും ആംബുലൻസുകൾ വഴിയും സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ സ്വിസ് സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പുതുവത്സര ദിനത്തിലുണ്ടായ ഈ വൻ ദുരന്തം രാജ്യത്തെയാകെ വലിയ ഷോക്കിലാഴ്ത്തിയിരിക്കുകയാണ്.

More Stories from this section

family-dental
witywide