ഒഡീഷ പള്ളിയിൽ പ്രാർത്ഥനയിലായിരുന്ന ഭക്തരെ പൂട്ടിയിട്ടു; മതം മാറാൻ ഭീഷണിയുയർത്തിയെന്ന് 30-ഓളം ഗോത്രവർഗ ക്രൈസ്തവ കുടുംബങ്ങൾ

ഒഡീഷയിലെ നബരംഗ്‌പുർ ജില്ലയിലെ കപേന ഗ്രാമത്തിൽ പ്രാർത്ഥനയിൽ ഏർപ്പെട്ടിരുന്ന ക്രൈസ്തവ വിശ്വാസികളെ ഒരു സംഘം ആളുകൾ പള്ളിക്കുള്ളിൽ പൂട്ടിയിട്ടതായി പരാതി. ഞായറാഴ്ച നടന്ന സംഭവത്തിൽ ഏകദേശം 30-ഓളം ഗോത്രവർഗ ക്രൈസ്തവ കുടുംബങ്ങൾ പീഡനം ആരോപിച്ചു രംഗത്തെത്തി. പള്ളിയിൽ പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ ഒരു സംഘം ആളുകൾ എത്തി തടസ്സപ്പെടുത്തുകയും, അവിടെയുണ്ടായിരുന്നവരെ പുറത്തുനിന്ന് പൂട്ടിയിടുകയുമായിരുന്നു.

പ്രാർത്ഥന തുടർന്നാൽ പള്ളി പൊളിച്ചുനീക്കുമെന്നും കുടുംബങ്ങളെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്നും ഉച്ചഭാഷിണിയിലൂടെ അക്രമികൾ ഭീഷണിപ്പെടുത്തിയതായി ഇരകൾ പറഞ്ഞു. “എന്തിനാണ് പ്രാർത്ഥന തടയുന്നതെന്ന് ചോദിച്ചപ്പോൾ, പ്രതികൾ പള്ളി പുറത്തുനിന്ന് പൂട്ടുകയും എല്ലാവരെയും അവിടെനിന്നും നിർബന്ധപൂർവ്വം പുറത്താക്കുകയും ചെയ്തു,” പ്രാദേശികവാസിയായ ട്യൂണ സാന്ത ആരോപിച്ചു.

തിങ്കളാഴ്ച, സമുദായത്തിൽപ്പെട്ട ജലാധർ സാന്ത (17), മോഹൻ സാന്ത (20) എന്നീ രണ്ട് യുവാക്കളെ ഒരു സംഘം മർദിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ ഉമർകോട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി സമുദായ അംഗങ്ങൾ അറിയിച്ചു. എന്നാൽ, ഗ്രാമത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. “വിഷയത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല, എങ്കിലും സംഭവത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിട്ടുണ്ട്,” ഉമർകോട്ട് പൊലീസ് സ്റ്റേഷൻ ഐഐസി രമാകാന്ത സായ് പറഞ്ഞു.

സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരുവിഭാഗങ്ങളിലെയും അംഗങ്ങളെ ഉൾപ്പെടുത്തി സമാധാന സമിതി രൂപീകരിച്ചതായും നബരംഗ്‌പൂർ സബ് കളക്ടർ പ്രകാശ് കുമാർ മിശ്രയുടെ മേൽനോട്ടത്തിൽ ഗ്രാമത്തിൽ യോഗം ചേർന്നതായും കളക്ടർ മഹേശ്വർ സ്വൈൻ അറിയിച്ചു. “സമാധാന സമിതിയുടെ തീരുമാനപ്രകാരം, പ്രാർത്ഥനാ ഹാൾ മാറ്റുന്നതിനും ഇരുവിഭാഗങ്ങൾക്കും ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് പഴയതുപോലെ സൗഹാർദ്ദത്തോടെ ജീവിക്കുന്നതിനുമായി 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്,” കളക്ടറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഒഡീഷയിൽ അടുത്തകാലത്തായി ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി ആദ്യവാരം ധെൻകനാൽ ജില്ലയിലും സമാനമായ രീതിയിൽ ഒരു പാസ്റ്റർക്ക് നേരെ ആക്രമണം നടന്നിരുന്നു

Devotees locked up in Odisha church during prayers; 30 tribal Christian families say they were threatened to convert

More Stories from this section

family-dental
witywide