യുഎസിൽ മാസ്റ്റർസ് ബിരുദം നേടിയിട്ടും ജോലി ലഭിക്കാതെ വന്നതിനെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതിയിടുകയാണെന്ന് 27 വയസ്സുകാരനായ ഇന്ത്യൻ യുവാവ്. “Did everything ‘right’ in the US, still failed, heading back to India” എന്ന തലക്കെട്ടിൽ റെഡിറ്റിൽ പങ്കുവച്ച പോസ്റ്റിലാണ് ഇയാൾ തന്റെ അനുഭവം വിശദീകരിച്ചത്.
വിദേശത്ത് സ്ഥിരത നേടാനുള്ള പതിവ് വഴിയാണ് താൻ പിന്തുടർന്നതെന്ന് യുവാവ് പറഞ്ഞു. ഉയർന്ന പഠനം, ബിരുദം പൂർത്തിയാക്കൽ, തുടർന്ന് സജീവമായി ജോലി അന്വേഷിക്കൽ എന്നിവയെല്ലാം ചെയ്തിട്ടും അവസാനം ജോലി ലഭിക്കാനായില്ലെന്നാണ് അവന്റെ പരാതി. “എന്റെ യുഎസ് കഥ പൂർണമായും ദൗർഭാഗ്യമാണ്. 2022 ഓഗസ്റ്റിലാണ് ഞാൻ യുഎസിലെത്തിയത്. 2023 ഡിസംബറിൽ മാസ്റ്റേർസ് പൂർത്തിയാക്കി.
2024 ഫെബ്രുവരി മുതൽ ഇപ്പോഴും ഞാൻ തൊഴിലില്ലാതെ ഇരിക്കുകയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ജോലി തേടുന്നതിൽ വീഴ്ചയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ ശ്രമിച്ചില്ല എന്നല്ല. വളരെ ആകാംക്ഷയോടെ നിരവധി ജോലികൾക്ക് അപേക്ഷിച്ചിരുന്നു,” എന്നും അദ്ദേഹം കുറിച്ചു. വിസാ നിലയും സ്പോൺസർഷിപ്പ് ആവശ്യകതയും നിയമനത്തിൽ തടസ്സമായതായി യുവാവ് പറഞ്ഞു.
ഇടയ്ക്കൊക്കെ ഇന്റർവ്യൂ കിട്ടിയാൽ പോലും, വിസാ സ്റ്റാറ്റസ് കാരണം നിങ്ങൾ യോഗ്യനല്ല, അല്ലെങ്കിൽ സ്പോൺസർഷിപ്പ് വേണമെന്നതിനാൽ പരിഗണിക്കാനാവില്ല എന്നാണ് പറയുന്നതെന്നും സ്വയം നിരാശനായി, വഴികൾ വേഗത്തിൽ അടയുന്നതായി തോന്നിയതോടെയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും യുവാവ് കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപ് ഭരണകാലത്ത് പുതിയ H-1B അപേക്ഷകൾക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയതോടെ, പ്രത്യേകിച്ച് എൻട്രി-ലെവൽ തസ്തികകളിൽ, പുതിയ ബിരുദധാരികൾക്ക് സ്പോൺസർഷിപ്പ് നൽകാൻ കമ്പനികൾ മടിക്കുന്ന സാഹചര്യം കൂടുതൽ രൂക്ഷമായി എന്നാണ് ന്യൂ ഇന്ത്യ അബ്രോഡ് റിപ്പോർട്ട് ചെയ്യുന്നത്.
‘Did everything right but failed’: Indian student prepares to leave US after not getting job














